എല്‍.ഡി.എഫ്. വിട ; യു.ഡി.എഫില്‍ ഘടക കക്ഷിയാകുമെന്ന് മാണി സി കാപ്പന്‍
എല്‍.ഡി.എഫ്. വിടുമെന്നും യു.ഡി.എഫില്‍ ഘടക കക്ഷിയാകുമെന്നും എന്‍ സി പി നേതാവും എം എല്‍ എയുമായ മാണി സി. കാപ്പന്‍. ഇടത് മുന്നണി വിടുന്നതില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരും മുന്‍പാണ് മാണി സി കാപ്പന്റെ പ്രഖ്യാപനം. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് തീരുമാനം ഉണ്ടാകണമെന്ന് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതായും മാണി സി കാപ്പന്‍ പറഞ്ഞു
എല്‍.ഡി.എഫില്‍ തന്നെ ഉറച്ചുനില്‍ക്കും എന്ന ശശീന്ദ്രന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം ഉറച്ചുനിന്നോട്ടെ. ഒരു കുഴപ്പവുമില്ല. പാറപോലെ ഉറച്ചുനില്‍ക്കട്ടെ എന്നായിരുന്നു കാപ്പന്റെ മറുപടി. പാലാ സീറ്റിനെച്ചൊല്ലി മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കിയാണ് മാണി സി കാപ്പന്‍ നിര്‍ണായക തീരുമാനം പരസ്യമായി പ്രഖ്യാപിച്ചത്. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍പ് തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കാപ്പന്‍. ഐശ്വര്യ കേരള യാത്രാ വേദിയില്‍ താന്‍ ഉണ്ടാകുമെന്നും പരോക്ഷമായി കാപ്പന്‍ സൂചിപ്പിച്ചു.
അതേസമയം ഇടതു മുന്നണി വിടരുതെന്ന നിലപാടിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍. ഇതിനായി ദേശീയ നേതൃത്വത്തോടും ശശീന്ദ്രന്‍ വിഭാഗം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ശശീന്ദ്രന്‍, കാപ്പന്‍ വിഭാഗം എന്ന രണ്ടു ചേരികള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ശശീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഇതിനിടെ എന്‍സിപി പുറത്ത് പോയാലും എല്‍.ഡി.എഫിന് ക്ഷീണമില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എ.കെ. ശശീന്ദ്രന്‍ വന്നാല്‍ കോണ്‍ഗ്രസ് എസ് സ്വീകരിക്കുമെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.ശശീന്ദ്രന്‍ നേരത്തെ എല്‍ഡിഎഫില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാല് സീറ്റുകള്‍ എന്ന എന്‍സിപിയുടെ ആവശ്യം നിഷേധിക്കപ്പെട്ടിട്ടില്ല. പാലയ്ക്ക് പകരം മറ്റേതെങ്കിലും സീറ്റ് ലഭിക്കാനുള്ള സാധ്യതയും എ കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ശശീന്ദ്രനെ കൂടി കേള്‍ക്കണമെന്ന് നേതൃത്വത്തോട് നിര്‍ദേശിച്ചു.