സമരം നടത്തി സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ട ; കാപ്പന്‍ ജനപിന്തുണയില്ലാത്ത നേതാവെന്ന് എം.എം മണി

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തി മന്ത്രി എം എം മണി. സമരം നടത്തി ആരും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ട എന്നാണ് മണി പറഞ്ഞത്. രാഷ്ട്രീയലക്ഷ്യം വെച്ചുള്ള സമരമാണെങ്കില്‍ നേരിടാന്‍ അറിയാമെന്നും മന്ത്രി പറഞ്ഞു. ‘സര്‍ക്കാരിന് ഭയപ്പെടേണ്ട കാര്യമില്ല. കോഴ വാങ്ങിയിട്ട് സര്‍ക്കാര്‍ ഒരു കാര്യവും നടത്തിയിട്ടില്ല, നടത്തുകയുമില്ല. കൃത്യതയോടുകൂടിയാണ് സര്‍ക്കാര്‍ ഏത് കാര്യവും ചെയ്യുന്നത്. അതിന് ന്യായങ്ങളുമുണ്ട്. ഇതൊന്നും നോക്കാതെ നിയമന ഉത്തരവ് കൊടുത്തവരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം. പറയാനാണെങ്കില്‍ ഇനിയും കാര്യങ്ങളുണ്ട്. അതുകൊണ്ട് ഇതൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാന്‍ നോക്കേണ്ട. പ്രക്ഷോഭവും സമരവും നടക്കട്ടെ. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമാണ്’- മന്ത്രി പറഞ്ഞു.

അതുപോലെ മാണി സി കാപ്പന്‍ ജനപിന്തുണ ഇല്ലാത്ത നേതാവെന്നും മന്ത്രി പറഞ്ഞു. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പന്‍ സിനിമാക്കാര്‍ക്ക് പിന്നാലെ പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘സി പി എം നേതാക്കള്‍ കഷ്ടപ്പെട്ട് ആണ് കാപ്പനെ പാലയില്‍ ജയിപ്പിച്ചത്.കാപ്പന്‍ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ല.’ – അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് വിടുമെന്ന പ്രഖ്യാപനവുമായി മാണി. സി. കാപ്പന്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ ഘടക കക്ഷിയാകുമെന്നാണ് മാണി. സി. കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞത്.