ഡാളസ് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്ര പ്രസിഡണ്ട് സന്തോഷ് പിള്ള ചാരിതാര്‍ഥ്യത്തോടെ
പി പി ചെറിയാന്
ഡാളസ്: ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്താല്‍ കേരള ഹിന്ദു സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള മഹാക്ഷേത്രത്തെ സേവിക്കുന്നതിനുള്ള അവസരം ക്ഷേത്രത്തിലെ ഭക്തജനങ്ങള്‍ അനുവദിച്ചു തന്നതില്‍ നന്ദിപറഞ്ഞു ഡാളസ് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്ര പ്രസിഡന്റെ സ്ഥാനത്തുനിന്നും രണ്ടു വര്‍ഷത്തെ(2019 -2020) സ്തുത്യര്‍ഹമായ സേവനത്തിനുശേഷം സന്തോഷ് പിള്ള ചാരിതാര്‍ഥ്യത്തോടെ ,സംതൃപ്തിയോടെ പടിഇറങ്ങുന്നു.ഡാളസ് ഹൈന്ദവ സമൂഹത്തിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതു എങ്ങനെയെന്ന് സന്തോഷ് പിള്ള വിശദീകരിച്ചു .
അമേരിക്കയിലെ പല ക്ഷേത്രങ്ങള്‍ സന്ദര്‍ശിട്ടും കേരളത്തിലെ ക്ഷേത്രദര്‍ശനത്തിലൂടെ ലഭിച്ചിരുന്ന ആത്മാനുഭൂതി ലഭിച്ചിരുന്നില്ല. കേരളത്തനിമയിലുള്ള ഒരുക്ഷേത്രം തന്നെ നിര്‍മ്മിച്ചാല്‍ മാത്രമേ അതുസാധ്യമാകൂ എന്ന പരമാര്‍ത്ഥം മനസിലാക്കി, സമാന ചിന്താഗതിക്കാരുമായി ഒത്തോരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് എല്ലാ മലയാളികള്‍ക്കും ഒരുപോലെ അഭിമാനിക്കാന്‍ കഴിയുന്ന ഡാളസ്ശ്രീ ഗുരുവായൂരപ്പന് മഹാക്ഷേത്രം.
സനാതന ധര്‍മ്മം എന്നാല്‍ എല്ലാകാലത്തും നിലനില്‍ക്കുന്ന ധര്‍മ്മം എന്നതാകുന്നു. അങ്ങനെ നിലനില്ക്കണമെങ്കില് കാലാനുസൃതമായ മാറ്റം നമ്മളുടെ ധര്‍മ്മത്തില്‍ വന്നേ മതിയാകൂ. അമ്പലം നിലനിര്‍ത്തിത്തികൊണ്ടുപോകുന്നതിന് ഭക്തരില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതിനോടൊപ്പം തന്നെ, ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്ക് താങ്ങും തണലും നല്കുവാനും, ദേവാലയങ്ങള്‍ക്ക് സാധിക്കണം. അവശര്‍ക്കും ആലംബഹീനര്‍ക്കും ആശ്വാസം പകരാന്‍ സാധിച്ചാല്‍ അതില്പരം പുണ്യം എന്തുണ്ട്?
2018 ആഗസ്ത് മാസം കേരളത്തില്‍ ദുരിതം വിതച്ച പ്രളയം നമ്മളെയെല്ലാം ദുഃഖത്തിലാഴ്ത്തി. ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രം പ്രളയ ദുരിതാശ്വാസത്തിലേക്ക് $58000 സമാഹരിച്ചു, പ്രളയക്കെടുതി അനുഭവിച്ച കുടുംബങ്ങള്‍ക്ക്, പാര്‍പ്പിടങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനും, നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുമായി, സാമ്പത്തിക സഹായം നേരിട്ട് ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് എത്തിച്ച് കൊടുക്കുവാന്‍ സാധിച്ചു. ക്ഷേത്രഭാരവാഹികള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതുമൂലമാണ്, ഈ സല്‍പ്രവര്‍ത്തി ഏറ്റെടുത്തു വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
ഈ നൂറ്റാണ്ടിലെ മഹാമാരി ആയി മാറിയ കൊറോണയുടെ അനിയന്ത്രിത വ്യാപനത്തില്‍ എല്ലാവരുടെയും സുരക്ഷ മുന്‍നിര്‍ത്തി, വളരെ വ്യസനത്തോടെ ആണെങ്കിലും മാര്‍ച്ച് 17ന് ക്ഷേത്രം പൊതുദര്‍ശനം നിര്‍ത്തലാക്കി.
നാട്ടില്‍ നിന്നും ശ്രീ ഗുരുവായൂരപ്പനെ സേവിക്കുവാന്‍ ഇവിടെ എത്തിച്ചേര്‍ന്ന ക്ഷേത്ര ജീവനക്കാരുടെ ദൈനം ദിന ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റികൊണ്ടു പോകാന്‍ സാധിക്കും? പൂജാദി കര്‍മ്മങ്ങള്‍ക്ക് ആവശ്യമായ പുഷ്പങ്ങള്‍ എങ്ങനെ സംഘടിപ്പിക്കും? സുരക്ഷ ഉറപ്പാക്കാനായി ക്ഷേത്രത്തിലെ ഓഫീസ് കൌണ്ടര്‍ എങ്ങനെ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കും? നമ്മുടെ ആധികള്‍ക്കും വ്യാധികള്‍ക്കും ഉത്തരം നല്കാന് ശേഷിയുള്ള ശ്രീ ഗുരുവായൂരപ്പന്റെ പാദ പദ്മത്തില്‍ തന്നെ ഈ ചോദ്യങ്ങളും അര്‍പ്പിച്ചു.
പൂക്കള്‍ ആവശ്യമുണ്ടെന്നറിഞ്ഞ ഭക്തജനങ്ങള്‍ കിട്ടാവുന്ന എല്ലാ സ്ഥലങ്ങളില്‍ നിന്നും പൂക്കള്‍ ശേഖരിച്ച് അടച്ചിട്ടിരിക്കുന്ന അമ്പലഗേറ്റിനു മുന്നില്‍ എത്തിച്ചു തന്നു. ഒരു കുടുംബം മുന്നിട്ടിറങ്ങി ക്ഷേത്രത്തിന്റെ മുന്നില്‍ തന്നെ പൂചെടികള്‍ വച്ചുപിടിപ്പിക്കുവാന്‍ ആരംഭിച്ചു. ക്ഷേത്ര ജീവനക്കാര്‍ക്ക് വേണ്ട നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുവാനും പലരും മുന്നോട്ടുവന്നു. പൊതുജന സന്ദര്‍ശനം ഇല്ലാതിരുന്നതുമൂലം ക്ഷേത്ര കൗണ്ടറിന്റെ പുനര്‍നിര്‍മ്മാണവും സുഗമമായി നടത്തുവാന്‍ സാധിച്ചു. ക്ഷേത്രം നടത്തിവരുന്ന വിദ്യാലയത്തിനുവേണ്ടി ക്ഷേത്രത്തിന്റെ സ്പിരിച്ചല്‍ ഹാളിനു മുകളിലായി ക്ലാസ്സ്മുറികളുടെ നിര്‍മ്മാണം 2020ല്‍ പൂര്‍ത്തീകരിച്ചു. അതോടൊപ്പം തന്നെ ക്ഷേത്രജീവനക്കാര്‍ക്ക് താമസിക്കാനായി മൂന്നു ബെഡ്റൂമിന്റെ ഒരു വീടും ഈ കാലയളവില്‍ വാങ്ങുവാന്‍ സാധിച്ചു.
രോഗവ്യാപനത്തിന്റെ ആദ്യ നാളുകളില്‍ മാസ്ക് വളരെ അത്യാവശ്യ സുരക്ഷ ഉപകരണമായിരുന്നു. ക്ഷേത്രത്തിലെ അനേകം സന്നദ്ധ പ്രവര്‍ത്തകര്‍, മാസ്കുണ്ടാക്കുവാന്‍ ആവശ്യമായ വസ്തുക്കള്‍, വാങ്ങുവാനും, അവ വിതരണം ചെയ്യുവാനും, നിര്‍മിച്ച മാസ്ക് തിരികെ വാങ്ങി ആവശ്യമുള്ള സ്ഥാപനങ്ങളിലും, വീടുകളിലും എത്തിച്ചുകൊടുക്കുവാനും സധൈര്യം മുന്നിട്ടിറങ്ങുക യുണ്ടായി. അങ്ങനെ നമ്മളെക്കൊണ്ടാവുന്ന വിധത്തില്‍ മഹാമാരിക്കെതിരെ പ്രതിരോധമൊരുക്കുന്ന പ്രക്രിയയില്‍ പങ്കാളികളാകുവാന്‍ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിനു സാധിച്ചു. ക്ഷേത്ര ദര്‍ശനം സാദ്ധ്യമല്ലാത്ത ഈ അവസരത്തില്‍ ഭക്തര്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ഭഗവാനുള്ള അര്‍ച്ചനകളായി കണക്കാക്കി, മാനവ സേവ, മാധവ സേവയായി കരുതി സാമൂഹ്യ സേവനം നമ്മള് നിര്‍വഹിച്ചു.
ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രം വിദൂര സംപ്രേഷണത്തിലൂടെ, ഭാഗവത സപ്താഹവും, ഗണപതി ഹോമവും, സന്ധ്യാനാമവും, ലോകമെമ്പാടും എത്തിച്ചു. ”ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന് നാമകരണം ചെയ്യപെട്ട ഭാഗവത സപ്താഹ പാരായണത്തിന്റെ സമാപനദിവസം സര്‍വ്വരോഗശമനമന്ത്ര ഹോമവും നടത്തി .
വിഷു, പ്രതിഷ്ടാദിന വാര്‍ഷികം, ഓണം, അഷ്ടമി രോഹിണി, വിനായക ചതുര്‍ത്തി, നവരാത്രി, ഭാഗവത സപ്താഹം മണ്ഡല പൂജ എന്നീ പ്രധാന ആഘോഷങ്ങളെല്ലാം തത്സമയ പ്രക്ഷേപണത്തിലൂടെ ഭക്തജനങ്ങളിലേക്കെത്തിക്കുവാന്‍ ക്ഷേത്രത്തിനു സാധിച്ചു. കര്‍ക്കിടക മാസത്തില്‍, രാമായണം മുഴുവനും മൂന്ന് വട്ടം നമ്മള് വായിച്ചു. രാമായണത്തെ അടിസ്ഥാനമാക്കി നാട്ടില്‍നിന്നുമുള്ള ആചാര്യന്മാരുടെ പ്രഭാഷണം ഈ ദുരിതാവസ്ഥയില്‍ ഭക്തര്‍ക്കാശ്വാസമേകി.
സന്തോഷവും സന്താപവും പങ്കുവെക്കുവാനാണ് അധികം ജനങ്ങളും അമ്പലം സന്ദര്‍ശിക്കാറുള്ളത് . അസുഖബാധിതരാകുമോ എന്ന ഭയം അകറ്റുവാനും, രോഗികളായ ബന്ധുമിത്രാതികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും, ക്ഷേത്രസന്ദര്‍ശനം ആഗ്രഹിക്കുന്നവരോട് ചെയ്യുന്ന അനീതി ആണോ, അമ്പലം അടച്ചത് എന്ന സംശയം ആദ്യം മുതലേ നിലനിന്നിരുന്നു.
അതുകൊണ്ടാണ്, രണ്ടര മാസങ്ങള്‍ക്കു ശേഷം ക്ഷേത്രം നിയന്ത്രിത സമയങ്ങളില്‍ പൊതുദര്‍ശനത്തിനായി തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. കഴിയുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ എല്ലാം പാലിച്ച്, ക്ഷേത്ര ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ആയുര്‍ആരോഗ്യം ശ്രീ ഗുരുവായൂരപ്പനില്‍ അര്‍പ്പിച്ചു കൊണ്ട് ജൂണ്‍ മാസത്തില്‍ അമ്പലം തുറന്നു പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചു.
സൂം, യൂട്യൂബ്, ഫേസ് ബുക്ക്, ഗൂഗിള്‍ മീറ്റ് എന്നീ മാധ്യമങ്ങളെല്ലാം ഏകോകിപ്പിച്ച് തത്സമയ പ്രക്ഷേപണം നടത്തുന്നതിനുവേണ്ടി മണിക്കൂറുകളോളമാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്.
സാമൂഹ്യ അകലം പാലിച്ചും, മാസ്കുകള്‍ ധരിച്ചും ഈ ആഘോഷങ്ങള്‍ക്കെല്ലാം ഭക്തജനങ്ങള്‍ ഒന്നിച്ച് കൂടുമ്പോള്‍ ഭഗവാനോടുള്ള ഏറ്റവും തീവ്രമായ പ്രാര്‍ത്ഥന, നമ്മളുടെ ക്ഷേത്ര ദര്‍ശനത്താല്‍ അസുഖം പടര്‍ന്നു എന്ന വാര്‍ത്ത ഒരിക്കലും കേള്‍ക്കാനിടവരരുതേ എന്നും, ക്ഷേത്രത്തിലെ ദിവസ പൂജകള്‍ ഒരിക്കലും മുടങ്ങരുതേ എന്നുമായിരുന്നു. കൃഷ്ണാ, ഗുരുവായൂരപ്പാ, ക്ഷേത്രത്തിന്റെയും, ഭക്തരുടെയും നന്മക്കുവേണ്ടി എന്ന് കരുതി ചെയ്യുന്ന പ്രവര്‍ത്തികള്‍ അങ്ങേക്കുകൂടി ഹിതമാകുന്നുണ്ട് എന്നതിനുള്ള അടയാളങ്ങള്‍ പ്രത്യക്ഷത്തില്‍ കാണിച്ചു തരണേ എന്നും വാതലയേശനോട് അഭ്യര്‍ത്ഥിച്ചു. ക്ഷേത്ര പൂജാരി ആയുഷ് ഹോമം അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍, ഹോമാഗ്നിയുടെ ഒരു ചിത്രം എടുക്കുകയുണ്ടായി. പുല്ലാങ്കുഴല്‍ ഊതി, ഊതി നില്ക്കുന്ന ഉണ്ണികൃഷ്ണന്റെ ചേതോമനോഹര രൂപം ഹോമാഗ്നിയില്‍ തെളിഞ്ഞു കണ്ടു, ‘ഹന്ത ഭാഗ്യം ജനാനാം’.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ആഗസ്ററ് 22 വെള്ളിയാഴ്ച തുടക്കം കുറിച്ചു. സാമൂഹ്യ അകലം പാലിച്ചും, മാസ്ക്കും ധരിച്ചും കൊണ്ട് അനേകം ഭക്തജനങ്ങള്‍, സ്പിരിച്ച്വല്‍ ഹാളില്‍ നടന്ന ഉത്സവത്തില്‍ പങ്കുചേര്‍ന്നു. വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്ര പൂജാരി ഗിരീശന് വടക്കേടത്ത് ഒരുക്കിയ പദ്മങ്ങള്‍ ഭക്ത ജനങ്ങളുടെ മുക്തകണ്ഡ പ്രശംസ പിടിച്ചു പറ്റി. ദസറ സമയത്തെ ദേവീ പൂജകള്‍ നേരിട്ടും, തത്സമയ പ്രക്ഷേപണത്തിലൂടെയും വളരെ അധികം ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞു.
ക്ഷേത്രത്തിനോടനുബന്ധിച്ച് നടത്തിവരുന്ന ഗോഡ് കിഡ്സ് ക്ലാസ്സിലെ കുട്ടികള്‍ക്കായി ഡ്രൈവ് ത്രൂ ഗ്രാഡുയേഷന്‍ ഈ വര്‍ഷം നടത്തി. ഈ വിദ്യാലയത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി അനേകം ശ്രീ ഗുരുവായൂരപ്പ ഭക്തര്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.
കേരളസര്‍കാറിന്റെ മലയാളം മിഷന് രൂപീകരിച്ച കണിക്കൊന്ന പാഠ്യ പദ്ധതി ശ്രീ ഗുരുവായൂരയപ്പന്‍ ക്ഷേത്രത്തിലെ GOD കിഡ്സ് ക്ലാസ്സില്‍ പഠിപ്പിച്ചു പോരുന്നു. മലയാള ഭാഷ പഠനത്തില്‍ UT ഓസ്റ്റിനുമായി ചേര്‍ന്ന് ക്രെഡിറ്റ് അവേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് നല്കുവാനുള്ള പദ്ധതിയും നടപ്പിലാക്കി കഴിഞ്ഞു. ഈ വര്‍ഷത്തെ അദ്ധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവം ആനന്ദബോസ് IAS, കൈതപ്രം നാരായണന് നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്താല്‍ അതീവ ധന്യമായി നടന്നു.
മറ്റൊരു നേട്ടം, ഗോഡ് കിഡ്സ് ക്ലാസ്സിലെ മുതിര്‍ന്ന കുട്ടികള്‍ ഒത്തുചേര്‍ന്ന് KHS യൂത്ത് കമ്മറ്റി രൂപീകരി ച്ചു എന്നതാകുന്നു. അവരുടെ ആദ്യ സംരംഭമായി 600 ല്‍ പരം ഫുഡ് കാനുകള്‍ സമാഹരിച്ച് ക്രിസ്മസ്സിനു മുമ്പായി ഫുഡ് ബാങ്കിന് സംഭാവന നല്കുകയുണ്ടായി.
പിന്നീട് വന്ന മണ്ഡലമാസക്കാലത്തെ വളരെ കരുതലോടെയാണ് നമ്മള് എതിരേറ്റത് . അയ്യപ്പന്മാര്, മാസ്കുകള്‍ ധരിച്ചും സാമൂഹ്യ അകലം പാലിച്ചും , 41 ദിവസവും അയ്യപ്പ ഭജന കെ എച്ച എസ്സ് സ്പിരിച്യുല്‍ ഹാളില്‍ നടത്തി. അയ്യപ്പ അഖണ്ഡ നാമജപം, വിളക്കുപൂജ, സഹസ്രനാമം എന്നീ പ്രധാന ചടങ്ങുകള്‍ മുന്‍കാലങ്ങളിലെ പോലെ നടത്തുവാനും സാധിച്ചു. വിവിധ ദിവസങ്ങളിലായി 128 അയ്യപ്പന്മാരും, മാളികപ്പുറങ്ങളും ഈ വര്‍ഷം ഇരുമുടി കെട്ടുകള്‍ നിറച്ചു.
ദുരിത പൂര്‍ണിതമായ ഈ സമയവും നമ്മള്‍ക്ക് ലഭിച്ചിരിക്കുന്നത്, ഭഗവാന്റെ ലീലകളുടെ ഒരു ഭാഗമായിട്ടാണ് എന്നു മനസിലാക്കുവാനും, പുതുവത്സര നാളുകളില്‍, പ്രത്യാശയുടെ പ്രകാശം എല്ലാവരിലും എത്തിക്കുവാനുമാണ്, ദശാവതാരം, ചന്ദന മുഴുക്കാപ്പ് ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ആരംഭിച്ചത്. ഡിസംബര്‍ 6 മുതല്‍ തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും, ഭഗവാന്റെ പത്തവതാരങ്ങളും, ക്ഷേത്ര പൂജാരിയുടെ കരവിരുതിലൂടെ, മഹാവിഷ്ണുവിന്റെ ചതുര്‍ബാഹു വിഗ്രഹത്തില്‍ രൂപപെട്ടു വരുന്നത്, ഭക്ത്യാദരവ്പൂര്‍വം ദര്‍ശിക്കുവാനുള്ള മഹാഭാഗ്യം എല്ലാവര്ക്കും ലഭിച്ചുകൊണ്ടേയിരിക്കുന്നു.
ഈ സംരംഭങ്ങള്‍ എല്ലാം വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചത് ക്ഷേത്ര ജീവനക്കാരുടെയും, കമ്മറ്റിഅംഗങ്ങളുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ്. ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവര്ക്കും തുടര്‍ന്നും ഉണ്ടാകട്ടെ എന്നും സത്യവും, ധര്‍മ്മവും, നീതിയും നടപ്പിലായി കാണുവാന്‍ രാജ്യവും, സ്ഥാനമാനങ്ങളും ഉപേക്ഷിച്ച, ശ്രീ രാമചന്ദ്രന്റെ അവതാര ദര്‍ശന ദിവസമായ ജനുവരി 17 ന് ഈ കമ്മറ്റി പടിഇറങ്ങുമ്പോള്‍, 35 വര്‍ഷങ്ങളിലൂടെ ഡാലസ്സിലെ മലയാളി ഹിന്ദുക്കള്‍ പടുത്തുയര്‍ത്തിയ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രം, തുടര്‍ന്നും മലയാളികളുടെ ക്ഷേത്രമായി നിലനിര്‍ത്താന്‍ അനുഗ്രഹിക്കണമെന്ന് ഭഗവാനോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നതായി സന്തോഷ് പിള്ള പറഞ്ഞു.