സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15ന് മുന്‍പ് വേണമെന്ന് ആവശ്യം

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യവുമായി എല്‍ഡിഎഫും യുഡിഎഫും. മേയ് മാസത്തില്‍ മതിയെന്നായിരുന്നു ബിജെപിയുടെ ആവശ്യം. അതേസമയം സംസ്ഥാനത്ത് കോവിഡ് വര്‍ദ്ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കമ്മീഷന്‍ പങ്ക് വച്ചു. ഏപ്രില്‍ 8നും 12നുമിടയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് സമയം ദീര്‍ഘിപ്പിക്കരുതെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് മേയ് മാസത്തില്‍ മതിയെന്നായിരുന്നു ബിജെപിയുടെ നിലപാട്.

റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കരുത്. പോസ്റ്റല്‍ വോട്ട് ലിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് കൂടി ലഭ്യമാക്കണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. പൊലീസ് സുരക്ഷ, ഉദ്യോഗസ്ഥ വിന്യാസം എന്നിവ സംബന്ധിച്ച് നാളെയും ചര്‍ച്ചയുണ്ടാകും. ഈ മാസം 15ന് കമ്മിഷന്‍ ഡല്‍ഹിക്ക് മടങ്ങിയ ശേഷം അടുത്ത ആഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.