വ്യാജ പീഡന പരാതി ; വാദങ്ങള്‍ തള്ളി യുവാവിന് ജാമ്യം അനുവദിച്ച് കോടതി

ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി. ഡല്‍ഹി ഹൈക്കോടതിയാണ് ഇരയുടെ വാദങ്ങള്‍ക്ക് മറുവാദങ്ങള്‍ ഉന്നയിച്ച് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തിയും ബ്ലാക്ക് മെയില്‍ ചെയ്തും പ്രതി, വര്‍ഷങ്ങളോളം തന്നെ നിര്‍ബന്ധിത ശാരീരിക ബന്ധത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയില്‍ ആരോപിച്ചിരുന്നത്. 2016 മുതല്‍ 2019 വരെ ഇത്തരത്തില്‍ ശാരീരിക ബന്ധം തുടര്‍ന്നുവെന്നും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാളുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവെയാണ് ഇരയായ സ്ത്രീയുടെ പല വാദങ്ങള്‍ക്കും കോടതി മറുവാദം ഉന്നയിച്ചത്. പ്രതി തന്നെ തടവിലാക്കിയിരിന്നുവെന്നും ആ സമയത്ത് ബലപ്രയോഗത്തിലൂടെ അയാളുടെ പേര് തന്റെ കയ്യില്‍ ടാറ്റൂ ചെയ്തിരുന്നുവെന്നും യുവതി തെളിവായി കാട്ടിയിരുന്നു. എന്നാല്‍ ‘മറുഭാഗത്തു നിന്നും പ്രതിരോധം ഉണ്ടെങ്കില്‍ ടാറ്റു ചെയ്യുന്നത് അത്ര എളുപ്പമല്ല’എന്നായിരുന്നു കോടതി നിരീക്ഷണം. ടാറ്റു ചെയ്യുക എന്നത് ലളിതമായ കാര്യമല്ല. അതൊരു കലാസൃഷ്ടിയാണ്. പ്രത്യേകം മെഷീനുകള്‍ തന്നെ ആവശ്യമുണ്ട്. അത് മാത്രമല്ല മറുഭാഗത്ത് നിന്നും പ്രതിരോധം ഉണ്ടാകുമ്പോള്‍ ടാറ്റു ചെയ്യുന്നത് പ്രത്യേകിച്ച് കൈത്തണ്ടയില്‍ ചെയ്യുന്നത് അത്ര എളുപ്പമല്ല’ എന്നാണ് യുവതിയുടെ വാദം ഖണ്ഡിച്ച് ജസ്റ്റിസ് രജനീഷ് ഭട്വനഗര്‍ പറഞ്ഞത്.

സ്ത്രീക്ക് തന്നോട് പ്രണയമായിരുന്നുവെന്നും ഇരുവരും തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണ് നടന്നതെന്നുമാണ് കുറ്റാരോപിതന്‍ കോടതിയെ അറിയിച്ചത്. വിവാഹിതനായ തനിക്ക് ബന്ധം തുടരാന്‍ സാധിക്കാത വന്ന സാഹചര്യമുണ്ടായതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു എന്നും ആരോപിച്ചു. ഇതിനൊപ്പം ടാറ്റു പതിച്ച സ്ത്രീയുടെ കയ്യുടെ ചിത്രങ്ങളും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പരാതിക്കാരി താനുമായി സെല്‍ഫികള്‍ എടുത്തിരുന്നുവെന്നും പല ആഘോഷ ചടങ്ങുകളിലും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തിരുന്നുവെന്നും പ്രതി കോടതിയില്‍ വ്യക്തമാക്കി.