കേന്ദ്രത്തിന്റെ ജനദ്രോഹം തീരുന്നില്ല ; പാചക വാതക വില വീണ്ടും കൂട്ടി

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനയ്ക്ക് പിന്നാലെ പാചക വാതകത്തിനും വില റോക്കറ്റു പോലെ കുതിയ്ക്കുന്നു. പാചക വാതക വില വീണ്ടും ഉയര്‍ന്നു. ഗാര്‍ഹികോപയോഗങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലവര്‍ധന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ ഇനി മുതല്‍ 796 രൂപയ്ക്കാവും സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ലഭ്യമാവുക. ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവര്‍ധനയാണിത്. ഡിസംബര്‍ ഒന്നിനും ഡിസംബര്‍ 16 നും 50 രൂപ വീതം വര്‍ധിച്ചിരുന്നു. ഫെബ്രുവരി 4ന് 26 രൂപയും വര്‍ധിച്ചിരുന്നു.

അതേസമയം, ഇന്ന് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90 രൂപ 61 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 85 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 88 രൂപ 89 പൈസയായി. ഡീസല്‍ വില 83 രൂപ 34 പൈസയാണ്.