എംബോള വൈറസ് തിരിച്ചു വന്നു ; ഗിനിയയില്‍ മൂന്നു മരണം

എംബോള വൈറസ് ബാധയെ തുടര്‍ന്ന് ഗിനിയയില്‍ മൂന്നു മരണം. എബോള രഹിതമായി പ്രഖ്യാപിച്ച് 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഗിനിയയില്‍ വീണ്ടും എബോള രോഗം സ്ഥിരീകരിച്ചതായി ഞായറാഴ്ച്ച പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ മരിച്ച മൂന്ന് പേരില്‍ എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗിനിയയില്‍ എബോള സാംക്രമിക രോഗം വീണ്ടും എത്തിയതായി പ്രഖ്യാപിച്ചത്.ഗിനിയയില്‍ 2013-2016 കാലഘട്ടത്തില്‍ എബോള രോഗബാധ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞത് 11,300 പേരായിരുന്നു. എന്നാല്‍ 2016ന് ശേഷം ഇത് ആദ്യമായി ആണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇത് കൂടാതെ ഗുക്കെഡോ പട്ടണത്തില്‍ 5 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി ആദ്യ വാരം മരിച്ച ഒരു നഴ്സിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടന്ന സ്ഥലത്ത് നിന്നാണ് രോഗം ബാധിക്കാന്‍ ആരംഭിച്ചതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അനുമാനിക്കുന്നത്. നഴ്സിന്റെ അന്ത്യകര്‍മ്മങ്ങള്‍ പങ്കെടുത്ത 6 പേര്‍ക്കാണ് എബോള രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. ഇതില്‍ 2 പേര്‍ പിന്നീട് മരിക്കുകയും 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 7 പേര്‍ക്ക് എബോള രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗമുണ്ടെന്ന് സംശയിക്കപ്പെടുന്നവരെ എല്ലാം തന്നെ ഐസൊലേറ്റ് ചെയ്യുകയും അവരുടെ സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി നീരിക്ഷിക്കുകയും ചെയ്യുമെന്ന് ഗിനിയ ആരോഗ്യ മന്ത്രി അറിയിച്ചു. അതെസമയം ലോകാരോഗ്യ സംഘടനയുടെ (WHO) പക്കല്‍ നിന്ന് എബോള വാക്സിന്‍ വാങ്ങാനും ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു.രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഹെമറേജോട് കൂടിയ പനിയാണ് പ്രധനമായും കണ്ട് വരുന്ന ലക്ഷണം. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരെയും ക്വാറന്റൈനില്‍ പ്രവേശിപിച്ച് കഴിഞ്ഞു. ഒരു ആഴ്ച മുമ്പ് കോങ്കോയിലും എബോള വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് സ്ഥലങ്ങളിലെയും രോഗബാധ തമ്മില്‍ ബന്ധമൊന്നും കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.