സമരത്തിന് പുല്ലുവില ; കൂട്ടസ്ഥിരപ്പെടുത്തല്‍ തുടരുന്നു ; ഇന്ന് സ്ഥിരപ്പെടുത്തിയത് 221 പേരെ
സമര പരിപാടികള്‍ ഒരു വശത്തു തുടരുന്ന സമയത്തും അവയ്ക്കൊക്കെ പുല്ലു വില നല്‍കുന്ന സര്‍ക്കാര്‍ കേരളത്തിലെ ഇപ്പോള്‍ ഉള്ള അവസ്ഥ അതാണ്. സര്‍ക്കാര്‍ കാലാവധി തീരുന്നതിനു മുന്‍പ് വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. വിവിധ വകുപ്പുകളിലായി 221 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടുന്ന കാര്യം മന്ത്രിസഭ പരിഗണിച്ചില്ല. സ്ഥിരപ്പെടുത്തുന്ന തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകളിലായി 261 പുതിയ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു.
റാങ്ക് ഹോള്‍ഡേഴ്‌സിന്റെയും പ്രതിപക്ഷത്തിന്റെയും സമരം ശക്തമാകുമ്പോഴും കൂടുതല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് മന്ത്രിസഭായോഗം എടുത്തത്. കെടിഡിസിയില്‍ 100 താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ 37 പേരെയും. കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ 14 പേരെയും സ്‌കോള്‍ കേരളയില്‍ 54 പേരെയും സ്ഥിരപ്പെടുത്താന്‍ തീരുമാനമായി.
അതേസമയം പി.എസ്.സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍മിത കേന്ദ്രത്തില്‍ 10 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 16 പേരെ സ്ഥിരപ്പെടുത്താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. പി.എസ്.സിക്ക് വിട്ട തസ്തികകളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ മന്ത്രിസഭയുടെ പരിഗണനയിലേക്ക് കൊണ്ടുവരരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വയനാട് മെഡിക്കല്‍ കോളജിന് 140 തസ്തികയും കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 55ഉം മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകളും സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തിക സൃഷ്ടിക്കും. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു തീരുമാനവും മന്ത്രിസഭയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനോ പുതിയ തസ്തിക സൃഷിക്കാനോ ഉള്ള ചര്‍ച്ചകള്‍ യോഗത്തിലുണ്ടായില്ല.