പ്രതിസന്ധിയില്ല ; പുതുച്ചേരിയില്‍ സര്‍ക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തുടരുമെന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി. ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നത് പ്രതിപക്ഷത്തിന്റേത് ആരോപണം മാത്രമാണെന്നും നാരായണ സ്വാമി പറഞ്ഞു. നിലവില്‍ ഇരു മുന്നണികള്‍ക്കും 14 വീതം സീറ്റുകളാണ് സഭയില്‍ ഉള്ളത്. മന്ത്രിമാരായ എ. നമശിവായം, മല്ലടി കൃഷ്ണറാവു, എം.എല്‍.എമാരായ ജോണ്‍ കുമാര്‍, തീപ്പൈന്തന്‍ എന്നിവര്‍ രാജി വെച്ചതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. നമശിവായവും തീപ്പൈന്തനും ബി.ജെ.പിയില്‍ എത്തി കഴിഞ്ഞു. അവിശ്വാസ പ്രമേയത്തിന് നില്‍ക്കാതെ രാജി വെച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതായിരുന്നു ആദ്യ തീരുമാനം. അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷമാണ് ഭരണത്തില്‍ തുടരാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

മന്ത്രിസഭ രാജി വെക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ലെന്നും അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി. നാരായണ സ്വാമി പറഞ്ഞു. ഭരണത്തില്‍ തുടരുമെന്നും രാജിവച്ചവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 33 അംഗ നിയമസഭയില്‍ മൂന്ന് പേര്‍ നോമിനേറ്റഡ് അംഗങ്ങളാണ്. കോണ്‍ഗ്രസ്സ് എം.എല്‍.എ എന്‍. ധനവേലുവിനെ നേരത്തെ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നേരത്തെ പുറത്താക്കിയിരുന്നു. ഇതോടെയാണ് ഭരണപക്ഷത്തെ അംഗസംഖ്യ 19 ല്‍ നിന്ന് 14 ആയി കുറഞ്ഞത്.