മുസ്ലീം യുവാവുമായി പ്രണയം ; മാതാപിതാക്കള്‍ യുവതിയെ കയ്യും കാലും ബന്ധിച്ച് വായ് മൂടിക്കെട്ടി പെട്രോളൊഴിച്ച് തീകൊളുത്തി

ഇതര മതസ്തനുമായി പ്രണയത്തിലായ യുവതിയെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. വാടകക്കൊലയാളിയുടെ സഹായത്തോടെയായിരുന്നു കൊലപാതകം. യുപി ഗോരഖ്പുര്‍ സ്വദേശിനിയായ രഞ്ജന യാദവ് എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ പിതാവ് കൈലാഷ് യാദവ്, സഹോദരന്‍ അജിത് യാദവ്, സഹോദരി ഭര്‍ത്താവ് സത്യപ്രകാശ് യാദവ് എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. കൊല്ലപ്പെട്ട രഞ്ജന ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത കുടുംബം യുവതിയോട് ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വഴങ്ങാതെ വന്നതോടെയാണ് ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഒന്നരലക്ഷം രൂപ നല്‍കി വരുണ്‍ തിവാരി എന്ന വാടകക്കൊലയാളിയെയും ഏര്‍പ്പാടാക്കി.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് ധന്‍ഘട്ട സ്റ്റേഷന്‍ പരിധിയിലെ ജിഗിനയില്‍ പാതികത്തിയ നിലയില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പൊലീസ്, നിരീക്ഷണ സംഘങ്ങള്‍, സിസിറ്റിവി ദൃശ്യങ്ങള്‍, ഡോഗ് സ്‌ക്വാഡ് എന്നിവരുടെയൊക്കെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തില്‍ അത് ഗോരഖ്പുരില്‍ നിന്നുള്ള രഞ്ജന യാദവ് എന്ന യുവതിയുടെതാണെന്ന് വ്യക്തമായി’ സാന്ദ് കബീര്‍ എസ് പി കൗസ്തുംഭ് അറിയിച്ചു.ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പ്രതികളിലൊരാള്‍ യുവതിയെ ജിഗിന ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്തെത്തിച്ചു. മറ്റ് പ്രതികളും ഈ സമയം അവിടേക്കെത്തി. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് യുവതിയുടെ കയ്യും കാലും ബന്ധിച്ച് വായ് മൂടിക്കെട്ടിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനു ശേഷം അവര്‍ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

‘സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്,സഹോദരന്‍, സഹോദരി ഭര്‍ത്താവ് സീതാറാം യാദവ് എന്ന മറ്റൊരാള്‍ എന്നിങ്ങനെ നാല് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കൃത്യം നടത്തുന്ന സമയം ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിളും പെട്രോളും കാനും വീണ്ടെടുത്തിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.
തന്റെ മകള്‍ ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന വിവരം പിതാവ് തന്നെയാണ് പൊലീസിനോട് പറഞ്ഞത്. വീട്ടുകാര്‍ എതിര്‍ത്തിട്ടും ബന്ധത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെയാണ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് എന്നും അയാള്‍ പറയുന്നു.