മാണി. സി കാപ്പനെ ‘നാറി’ എന്ന് ആക്ഷേപിച്ചും പരിഹസിച്ചും മന്ത്രി മണി; മന്ത്രിയുടെ ഭാഷാപ്രയോഗത്തിനെതിരെ വ്യാപക രോഷം
യുഡിഎഫിലേക്ക് എത്തിയ എം.എല്‍.എ മാണി സി കാപ്പനെതിരെ പരിഹാസവും ആക്ഷേപവുമായി മന്ത്രി എം.എം മണി. ‘ജനങ്ങളുടെ കൂടെ നില്‍ക്കാത്ത നാറിയ്ക്ക് ഏതെങ്കിലും നാട്ടുകാര്‍ വോട്ടുചെയ്യുമോ’, എന്നും കാപ്പന്‍ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചത് ചൂണ്ടിക്കാട്ടിയും മന്ത്രി രൂക്ഷമായി അധിക്ഷേപിച്ചു.
സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ മന്ത്രി മാണിയ്ക്കെതിരെ പലരും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ‘ഇതൊക്കെ ആണോ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു മന്ത്രിയുടെ ഭാഷ . എന്തിനാണ് നമ്മുടെ നാടിന് ലോകത്തിന്റെ മുമ്പില്‍ തല താഴ്ത്തി നില്‍ക്കണ്ട സ്ഥിതി ഉണ്ടാക്കുന്നത് സംസാരിക്കുമ്പോള്‍ കുറച്ചു നല്ല ഭാഷ ഉപയോഗിക്കു . നല്ല ബുദ്ധി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.’ ‘ പാലായില്‍ നിങ്ങള്‍ കാപ്പനെ മത്സരിപ്പിച്ചപ്പോള്‍ അയാള്‍ക്ക് സിനിമ മോഹമൊന്നും ഉണ്ടായിരുന്നില്ലേ? അന്നയാള്‍ നിങ്ങള്‍ക്ക് മഹാനായിരുന്നില്ലേ.. അന്ന് നിങ്ങള്‍ കള്ളനെന്ന് പറഞ്ഞ ജോസ്. കെ മാണിയെ ഇന്ന് കൂട്ടുപിടിച്ചു കാപ്പന്‍ നാറിയെന്നു പറയുന്നു. ശരിക്കും നാറികള്‍ നിങ്ങളാണ്’ ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാദ പ്രസംഗത്തിന്റെ ചുവടെ കൊടുത്തിരിക്കുന്ന കമന്റുകള്‍.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര പാലായില്‍ എത്തിയപ്പോഴാണ് മാണി സി കാപ്പന്‍ യുഡിഎഫില്‍ പ്രവേശിച്ചത്. ജോസ് കെ മാണി ജൂനിയര്‍ മാന്‍ഡ്രേക്കാണെന്നും മന്ത്രി മണി വാ പോയ കോടാലിയാണെന്നും മാണി സി കാപ്പന്‍ വിമര്‍ശിച്ചിരുന്നു.
മന്ത്രി എംഎം മണിയുടെ പ്രസംഗത്തിന്റെ ഭാഗം:
ഇവിടെ സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനും മുന്‍പേ, ജോസ് കെ മാണിയ്ക്ക് പാലാ സീറ്റ് കൊടുക്കുമെന്ന് ആരെങ്കിലും പറയുന്നതിനും മുന്‍പ് തന്നെ തുടങ്ങിയതാണ് കാപ്പന്റെ സൂക്കേട്. മാണി സി കാപ്പന്‍ എന്തായാലും പോയി, ആ പോകട്ടെ… കഴിഞ്ഞ തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷമൊന്നും ഇല്ലല്ലോ… പാലായില്‍ ജയിക്കുന്നത് പാര്‍ട്ടിയ്ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് കണ്ട് ഇടതുപക്ഷം ഗൗരവമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് കാപ്പന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. അതിനുമുന്‍പ് എങ്ങനെയായിരുന്നു. കാപ്പന്‍ എല്ലാ തെരഞ്ഞെടുപ്പിലും നിക്കും. എന്നിട്ട് തോല്‍ക്കും. വീണ്ടും നിക്കും. വീണ്ടും തോക്കും ഈ യോഗ്യന്‍. അപ്പോള്‍ സിനിമയില്‍ വിളിച്ച് സിനിമാക്കാരന്റെ പുറകേ പോകും. ജനങ്ങളുടെ കൂടെ നില്‍ക്കാത്ത നാറിയ്ക്ക് ഏതേലും നാട്ടുകാര്‍ വോട്ടുചെയ്യുമോ…?