iffk കൊച്ചി ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കി ; പിന്നില്‍ രാഷ്ട്രീയം എന്ന് സലീം കുമാര്‍

കൊച്ചിയില്‍ ആദ്യമായി അരങ്ങേറുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ദേശീയ പുരസ്‌കാര ജേതാവ് സലിംകുമാറിനെ ഒഴിവാക്കി. ചടങ്ങില്‍ തിരിതെളിക്കുന്ന 25 പുരസ്‌കാര ജേതാക്കളുടെ ഒപ്പം സലിംകുമാറില്ല. എറണാകുളം ജില്ലയിലെ അക്കാദമി അവാര്‍ഡ് ജേതാക്കളായ 25 പേര്‍ ചേര്‍ന്ന് ചടങ്ങില്‍ തിരി തെളിക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലക്കാരനും സംസ്ഥാന-ദേശീയ പുരസ്‌കാര ജേതാവുമായ തന്നെ 25 ഉദ്ഘാടകരില്‍ നിന്ന് പ്രായക്കൂടുതല്‍ പറഞ്ഞാണ് മാറ്റിനിര്‍ത്തുന്നതെന്നും പിന്നില്‍ രാഷ്ട്രീയ കാരണമാണെന്നും സലിംകുമാര്‍ ആരോപിച്ചു.

ഈ സാഹചര്യത്തില്‍ മൂന്ന് അക്കാദമി അവാര്‍ഡുകളും ടെലിവിഷന്‍ അവാര്‍ഡും കേന്ദ്ര പുരസ്‌കാരവും നേടിയിട്ടുള്ള തന്നെയും ക്ഷണിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന് സലിംകുമാര്‍ പ്രതികരിച്ചു. പ്രായക്കൂടുതലെന്ന് കാരണം പറഞ്ഞതായും സലിംകുമാര്‍ പറഞ്ഞു. തനിക്ക് 90 വയസായിട്ടില്ല. അമല്‍ നീരദും ആഷിഖ് അബുവും തനിക്കൊപ്പം പഠിച്ചവരാണ്. അവരേക്കാള്‍ രണ്ടോ മൂന്നോ വയസാണ് തനിക്ക് കൂടുതല്‍. രാഷ്ട്രീയമാണ് കാരണമെന്നും സി പി എം മേളയില്‍ കോണ്‍ഗ്രസുകാരനെ പങ്കെടുപ്പിക്കുന്നില്ലെന്നും സലിംകുമാര്‍ പറഞ്ഞു.

ചലച്ചിത്ര മേളയ്ക്ക് താന്‍ പോകുന്നില്ലെന്ന് സലിംകുമാര്‍ പ്രതികരിച്ചു. അതൊരു സി പി എം മേളയാണ്. അതില്‍ ഏക കോണ്‍ഗ്രസുകാരനായ തനിക്ക് എന്തുകാര്യമാണുള്ളത്. തന്നെ മാറ്റി നിര്‍ത്തുന്നതില്‍ ആരൊക്കെയോ വിജയിച്ചു. താന്‍ ചെന്നിട്ട് അവര്‍ പരാജയപ്പെടേണ്ട. അവസരങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടി മാറാനോ ആശയങ്ങള്‍ മാറാനോ താന്‍ തയ്യാറല്ല. മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായിരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും സലിംകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. സലിം കുമാറിനെ ചലച്ചിത്ര മേളയില്‍ നിന്ന് ഒഴിവാക്കില്ലെന്ന് കമല്‍ പറഞ്ഞു. സലിം കുമാറിനെ ഒഴിവാക്കി എറണാകുളത്ത് ചലച്ചിത്ര മേള സാധ്യമല്ല. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികളുടെ അന്തിമ പട്ടിക ആയിട്ടില്ലെന്നും രാഷ്ട്രീയമായി മാറ്റി നിര്‍ത്താവുന്ന ആളല്ല സലിം കുമാറെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണ നാലിടത്താണ് ചലച്ചിത്ര മേള നടത്തുന്നത്. മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. രണ്ടാംഘട്ടത്തിന് എറണാകുളത്ത് നാളെ തുടക്കമാകും. പാലക്കാടും തലശേരിയുമാണ് മറ്റ് വേദികള്‍.