യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍.ലൈഫ് മിഷന്‍ കരാറെടുത്ത യൂണിടാകിന്റെ ഉടമയാണ് സന്തോഷ് ഈപ്പന്‍. ഡോളര്‍ കടത്ത് കേസില്‍ അഞ്ചാം പ്രതിയാണ്. കസ്റ്റംസാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയിരുന്നു. നോട്ടീസ് നല്‍കിയാണ് വിളിച്ചുവരുത്തിയത്. ഇത് രണ്ടാം തവണയാണ് സന്തോഷ് ഈപ്പനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നതും ചോദ്യം ചെയ്യുന്നതും. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സന്തോഷ് ഈപ്പനെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അതിന് ശേഷം കോടതിയില്‍ ഹാജരാക്കും.

ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണമാണ് ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ പങ്ക് സന്തോഷ് ഈപ്പനുണ്ട് എന്നും കസ്റ്റംസ് പറയുന്നു. വിദേശത്ത് കടത്താനായി ഡോളര്‍ സ്വരൂപിച്ചത് സന്തോഷ് ഈപ്പനാണ് എന്നാണ് കസ്റ്റംസ് വാദം. നിലവില്‍ നാല് പേരാണ് ഡോളര്‍ കടത്ത് കേസില്‍ പ്രതികളായിട്ടുള്ളത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്‍. സരിത്ത്, സ്വപ്ന, സന്ദീപ്, ശിവശങ്കര്‍ എന്നിവരാണ് ആദ്യം പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. ലൈഫ് മിഷന്‍ കരാറിനായി ഒരു ലക്ഷത്തിതൊണ്ണൂറായിരം ഡോളര്‍ നല്‍കിയതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും കസ്റ്റംസ് വിളിച്ചുവരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍.