20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറാം ; ഉദ്യോഗാര്‍ത്ഥികള്‍

20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറാം എന്ന് ഉദ്യോഗാര്‍ത്ഥികള്‍. എല്ലാ പാര്‍ട്ടികളുടെയും പിന്തുണ സമരത്തിനുണ്ട്. മന്ത്രിമാരുമായുള്ള ചര്‍ച്ചയുടെ കാര്യത്തില്‍ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി. ഡിവൈഎഫ്ഐ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേര്‍ക്ക് ജോലി കിട്ടണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.

അതേസമയം, പിഎസ്സി സമരം ഒത്തുതീര്‍ക്കാനുള്ള ഡിവൈഎഫ്ഐ ശ്രമത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തി. ഡിവൈഎഫ്ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു. ആര്‍ജവമുള്ള മന്ത്രിമാരുണ്ടെങ്കില്‍ ഉദ്യോഗാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിക്കട്ടെയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഇന്നോ നാളെയോ എല്‍ജിഎസ് പ്രതിനിധികള്‍ക്ക് മന്ത്രിതല ചര്‍ച്ചയ്ക്കും വഴി തുറന്നേക്കാം.