ചെസ് ചാംപ്യന്‍ കാര്‍ത്തിക്ക് മുരുകന്‍ ചെസ്സ് ഗൈഡ് ബുക്ക് പ്രസിദ്ധീകരിച്ചു

പി.പി. ചെറിയാന്‍

പെന്‍സില്‍വാനിയ: നിരവധി ചെസ്സ് ചാംപ്യന്‍ഷിപ്പുകളില്‍ വിജയം കൈവരിച്ച ഇന്ത്യന്‍ അമേരിക്കന്‍ കാര്‍ത്തിക് മുരുകന്‍ ചെസ്സിനെ കുറിച്ച് സമഗ്ര പഠനത്തിനുപയുക്തമായ സ്റ്റേറ്റ് ഓഫ് ആര്‍ട്ട് ചെസ്സ് ഗൈഡ് ബുക്ക് പ്രസിദ്ധീകരിച്ചു.

ആഗോളതലത്തില്‍ ചെസ്സിന്റെ പ്രധാന്യം വര്‍ധിച്ചുവരുമ്പോള്‍, ചെസ്സില്‍ അടങ്ങിയിരിക്കുന്ന തന്ത്രങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി വിശദീകരിച്ചു നല്‍കുന്നതാണ് ബുക്കിന്റെ ഉള്ളടക്കം.

ചെസ്സ് ബോര്‍ഡിനു മുമ്പില്‍ ഇരിക്കുമ്പോള്‍ എങ്ങനെ കരുക്കള്‍ തന്ത്രപരമായി നീക്കണമെന്നറിയാതെ പലരും ബുദ്ധിമുട്ടുന്നതു കാണാമെന്നും അവര്‍ക്ക് ഇതു വലിയ പ്രയോജനം ചെയ്യുമെന്നും ഒന്‍പതാം ഗ്രേഡില്‍ പഠിക്കുന്ന കാര്‍ത്തിക് പറഞ്ഞു.

ചെസ്സിനെ കുറിച്ചു നിരവധി പുസ്തകങ്ങള്‍ ലഭിക്കുമെങ്കിലും, ചെസ്സിന്റെ പ്രാരംഭ പഠനത്തിന് കാതലായ രഹസ്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുന്ന പുസ്തകങ്ങള്‍ തീരെ കുറവാണ് എന്നതാണ് ഇത്തരത്തിലുള്ള ഒരു പുസ്തക രചന നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. ആമസോണില്‍ പ്രസിദ്ധീകരണത്തിനു നല്‍കിയിരിക്കുന്ന ഈ പുസ്തകത്തെകുറിച്ചു വളരെ നല്ല അഭിപ്രായങ്ങളാണ് വായനക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

2017 ലെ യുഎസ് ഓപ്പണ്‍ നാഷണല്‍ എലിമെന്ററി ചെസ്സ് ചാംപ്യന്‍ഷിപ്പ്, രണ്ടു തവണ പെന്‍സില്‍വാനിയ സ്റ്റേറ്റ് സ്‌ക്കൊലാസ്റ്റില്‍ ബഗ് ഹൗസ് ചാംപ്യന്‍ഷിപ്പ് എന്നിവ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കാര്‍ത്തിക്കിനു ലഭിച്ചിട്ടുണ്ട്.