ഐ.ഒ.സി, ഐ.എന്‍.ഒ.സി ലയനം ചരിത്രം കുറിച്ചു; ഇനി മുതല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനകളായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എയും, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസും ഇനിമുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ലയന ഉടമ്പടിയില്‍ രണ്ടു വിഭാഗങ്ങളിലേയും നേതാക്കള്‍ ഒപ്പുവച്ചു.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പദവികള്‍ വിഭാഗിച്ച് നല്‍കാന്‍ ധാരണയായി. രാഷ്ട്രീയ പ്രബുദ്ധതയ്ക്കും സാമൂഹിക വികസനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് ജനാധിപത്യ വികസനത്തിന്റെ ഭാഗമായി അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ രണ്ട് സംഘടനകള്‍ ഇനി മുതല്‍ ഐ.ഒ.സി-യു.എസ്.എ എന്ന പേരിലായിരിക്കും അറിയപ്പെടുക.

പ്രവാസി മലയാളികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിരകാല അഭിലാഷമാണ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. അനുരഞ്ജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ ഐ.ഒ.സിയില്‍ നിന്നുള്ള ജോര്‍ജ് ഏബ്രഹാം, ലീലാ മാരേട്ട്, തോമസ് മാത്യു, സജി കരിമ്പന്നൂര്‍, സന്തോഷ് നായര്‍, വിനോദ് കെആര്‍കെ എന്നിവരും ഐ.എന്‍.ഒ.സിയില്‍ നിന്നും കളത്തില്‍ വര്‍ഗീസ്, ജോബി ജോര്‍ജ്, ഡോ. മാമ്മന്‍ സി. ജേക്കബ്, ഡോ. അനൂപ് രാധാകൃഷ്ണന്‍ എന്നിവരും ഉള്‍പ്പെടുന്നു.

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവാസി മലയാളികളുടെ നിര്‍ദേശങ്ങളും പരിഗണനകളും യു.ഡി.എഫിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന് പുതിയ നേതൃത്വം ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം ലയന പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.

ഐ.ഒ.സി നാഷണല്‍ പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍, ഐ.ഒ.സി കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, ഐ.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട്, ഐ.ഒ.സി കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ഐ.എന്‍.ഒ.സി നാഷണല്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ഐ.എന്‍.ഒ.സി നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്, ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ സി. ജേക്കബ്, ഐ.എന്‍.ഒ.സി നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. അനൂപ് രാധാകൃഷ്ണന്‍ എന്നിവര്‍ സംയുക്തമായി ലയന ഉടമ്പടിയില്‍ ഒപ്പുവച്ചു.

തുടര്‍ന്നു നടന്ന ലയന സമ്മേളനത്തില്‍ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ മിനിറ്റ്‌സുകള്‍ രേഖപ്പെടുത്തി.

യോഗത്തില്‍ നവ നേതൃത്വനിരയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ കളത്തില്‍ വര്‍ഗീസ്, ജോബി ജോര്‍ജ്, ഡോ. മാമ്മന്‍ സി. ജേക്കബ്, ഡോ. അനൂപ് രാധാകൃഷ്ണന്‍, സജി ഏബ്രഹാം, ഡോ. സാജന്‍ കുര്യന്‍, ചാര്‍ക്കോട്ട് രാധാകൃഷ്ണന്‍, ഐ.ഒ.സി നാഷണല്‍ ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ്, ഐ.ഒ.സി കേരളയില്‍ നിന്നുമുള്ള സതീശന്‍ നായര്‍ (നാഷണല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), പോള്‍ കറുകപ്പള്ളി (നാഷണല്‍ വൈസ് പ്രസിഡന്റ്), സന്തോഷ് നായര്‍ (നാഷണല്‍ കോര്‍ കമ്മിറ്റി), ജോസ് ചാരുംമൂട് (നാഷനല്‍ സെക്രട്ടറി), രാജന്‍ പടവത്തില്‍ (നാഷണല്‍ സെക്രട്ടറി), ബേബി മണക്കുന്നേല്‍ (നാഷണല്‍ വൈസ് പ്രസിഡന്റ്- കേരള), വിശാഖ് ചെറിയാന്‍ (നാഷണല്‍ ഐ.ടി ഹെഡ്), ശോശാമ്മ ആന്‍ഡ്രൂസ് (വിമന്‍സ് ഫോറം ചെയര്‍), ഉഷാ ജോര്‍ജ് (വിമന്‍സ് ഫോറം പ്രസിഡന്റ്), സാം മണ്ണിക്കരോട്ട് (സെക്രട്ടറി, കേരളാ ചാപ്റ്റര്‍), യോഹന്നാന്‍ ശങ്കരത്തില്‍ (വൈസ് പ്രസിഡന്റ്, കേരളാ ചാപ്റ്റര്‍), ചെറിയാൻ പാവു (നാഷണല്‍ വൈസ് പ്രസിഡന്റ്/പി.ആര്‍.ഒ), സ്കറിയാ കല്ലറയ്ക്കല്‍ (വൈസ് പ്രസിഡന്റ്- കേരളാ), ജോര്‍ജുകുട്ടി മണലേല്‍ (വൈസ് പ്രസിഡന്റ്- കേരള) തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

അടുത്ത മാസം ഐ.ഒ.സിയുടെ നാഷണല്‍ സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ പേരുവിവരങ്ങള്‍ പ്രഖ്യാപിക്കുന്നതാണെന്ന് ലയന സമിതി അറിയിച്ചു. പാശ്ചാത്യ സംസ്കാരത്തില്‍ കുടുങ്ങിപ്പോയ ഒരു രാഷ്ട്രീയത്തിന്റെ സംസ്കാരികമായ ആകുലതകള്‍ യോഗം വിലയിരുത്തി. ഒപ്പം കേരളാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഐ.ഒ.സി കേരളാ ഒരു പുതിയ അധ്യായം തുറക്കട്ടെ എന്നും യോഗം ആശംസിച്ചു. ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ കൃതജ്ഞത രേഖപ്പെടുത്തി.