സര്‍ക്കാരിനെതിരെ കേസുകള്‍ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

തെലുങ്കാന : അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി.തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമന്‍ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടിആര്‍എസ് മുന്‍ നേതാവ് കുന്ത ശ്രീനിവാസിനെയും മറ്റ് രണ്ടുപേരെയും മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.

പെഡപ്പള്ളി ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കേസുകളും പൊതു താല്‍പര്യ ഹര്‍ജികളും നല്‍കി ശ്രദ്ധേയരാണ് ഇരു അഭിഭാഷകരും. ഹൈദരാബാദില്‍ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാള്‍ ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഏറെ തിരക്കുള്ള ഹൈവേയില്‍ വെച്ചാണ് ഇരുവരെയും കാറില്‍ നിന്നു പിടിച്ചിറക്കി വെട്ടിക്കൊന്നത്. കൊലക്ക് ശേഷം ഉടന്‍ അക്രമികള്‍ മറ്റൊരു കാറില്‍ കയറി രക്ഷപെടുകയും ചെയ്തു. കൊലപാതകത്തിന് പിന്നില്‍ ഭരണകക്ഷിയായ ടിആര്‍എസ് ആണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. ടിആര്‍എസ് ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിന് എതിരെ ദമ്പതികള്‍ തെലങ്കാന ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു.