ന്യൂയോര്‍ക്കില്‍വച്ച് ഫിഷറീസ് മന്ത്രിയെ കണ്ടുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ് ; കണ്ടില്ല എന്ന് മന്ത്രി

ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് ടെന്‍ഡര്‍ വിളിക്കാതെ അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് എബ്രഹാം. ന്യൂയോര്‍ക്കില്‍വച്ച് ഫിഷറീസ് മന്ത്രിയെ കണ്ടിരുന്നുവെന്ന് ജോസ് എബ്രഹാം പറഞ്ഞു. മന്ത്രിയെ കണ്ടിരുന്നു എന്നത് ശരിയാണ്. തങ്ങളെ കണ്ടു എന്ന കാര്യം മന്ത്രി പോലും ഓര്‍ക്കണമെന്നില്ല. കരാറുമായി ബന്ധപ്പെട്ട് ആധികാരികമായ ചര്‍ച്ചയോ ധാരണാപത്രം ഒപ്പുവയ്ക്കലോ നടന്നിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ഉതകുന്ന വിധത്തില്‍ നല്ല രീതിയിലുള്ള പദ്ധതിയാണെങ്കില്‍ ബന്ധപ്പെട്ടവരെ കാണാനാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും ജോസ് എബ്രഹാം പറഞ്ഞു.

അതേസമയം, ന്യൂയോര്‍ക്കില്‍വച്ച് ഇഎംസിസി പ്രതിനിധി കണ്ടു എന്നത് അസംബന്ധമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. ഒരു പദ്ധതിയെക്കുറിച്ചും ന്യൂയോര്‍ക്കില്‍വച്ച് ചര്‍ച്ച നടത്തിയിട്ടില്ല. ഇത്തരമൊരു ചര്‍ച്ച നടത്തണമെങ്കില്‍ തലയ്ക്ക് സുഖമില്ലാതിരിക്കണമെന്നും മന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ മത്സ്യമേഖല അമേരിക്കന്‍ കമ്പനിക്ക് തീറെഴുതിയെന്ന് ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പുറത്തു വിട്ടത്. ഇ.എം.സി.സി കമ്പനിയുമായുള്ള 5000 കോടി രൂപയുടെ കരാറില്‍ വന്‍ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അനുവദിച്ചാല്‍ കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനി കൊള്ളയടിക്കും. കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.

പദ്ധതി ആസൂത്രണം ചെയ്ത ശേഷം ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തിയത് ദുരൂഹമാണ്. ന്യൂയോര്‍ക്കില്‍ വെച്ചാണ് മേഴ്സിക്കുട്ടിയമ്മ കമ്പനി അധികൃതരുമായി കൂടിക്കാഴ്ച നടത്തിയത് എന്നും ചെന്നിത്തല പറയുന്നു. പദ്ധതിയില്‍ താല്‍പര്യ പത്രവും ഗ്ലോബല്‍ ടെന്‍ഡറും ക്ഷണിച്ചിട്ടില്ല. മത്സ്യതൊഴിലാളികളെ പട്ടിണിക്കിടുന്ന നീക്കമാണിത്. മൂന്ന് വര്‍ഷം കൊണ്ട് മത്സ്യ സമ്പത്ത് ഒന്നാകെ നശിക്കും. ആരെ സഹായിക്കാനാണ് സര്‍ക്കാര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.