നാസയുടെ ചൊവ്വാദൗത്യം വിജയകരം

നാസയുടെ ചൊവ്വാദൗത്യപേടകമായ പെഴ്‌സെവറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ വിജയകരമായി ഗ്രഹത്തിലിറങ്ങിയത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു.

ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെഴ്സെവറന്‍സ്. സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വ തൊട്ടിരുന്നു. ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്താനാണ് നാസയുടെ ഈ ദൗത്യം. കഴിഞ്ഞ ഏഴ് മാസം കൊണ്ട് 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പെര്‍സെവറന്‍സ് ചൊവ്വയില്‍ എത്തിയത്. 2020 ജൂലായ് 30ന് ഫ്‌ലോറിഡയിലെ നാസയുടെ യു എല്‍ എ അറ്റ്ലസ് 541ല്‍ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇന്‍ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവര്‍ വഹിക്കുന്നുണ്ട്. 300 കോടി ഡോളറാണ് ദൗത്യത്തിന്റെ ആകെ ചെലവ്.

അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയര്‍ന്ന താപനില ദൗത്യപേടകത്തില്‍ ഉടലെടുത്തെങ്കിലും താപകവചം അതിനെ ചെറുത്തു. അന്തരീക്ഷമര്‍ദ്ദം മാറുന്നതനുസരിച്ച് ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് പേടകം സ്ഥിരത നിലനിര്‍ത്തി. വേഗം മണിക്കൂറില്‍ 1600 കി.മീ. ആയതോടെ പേടകത്തിന്റെ പാരഷൂട്ടുകള്‍ തുറന്നു. തുടര്‍ന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു. ഇറങ്ങുന്നതിന് 12 സെക്കന്‍ഡ് മുന്‍പായി ‘സ്‌കൈ ക്രെയ്ന്‍ മനൂവര്‍’ ഘട്ടം തുടങ്ങി. റോവറിനെ വഹിച്ച്, റോക്കറ്റ് എന്‍ജിനുകള്‍ ഘടിപ്പിച്ച ഒരു ഭാഗം പേടകത്തില്‍ നിന്നു വേര്‍പെട്ട് സ്ഥിരത നേടിയ ശേഷം കേബിളുകളുടെ സഹായത്താല്‍ റോവറിനെ താഴേക്കിറക്കി. തുടര്‍ന്ന് കേബിളുകള്‍ വേര്‍പെട്ടു. റോവര്‍ വഹിക്കുന്ന ഇന്‍ജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്റര്‍ അനുയോജ്യമായ സമയത്ത് പറത്തും.

പ്ലൂട്ടോണിയം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പെഴ്‌സെവറന്‍സിന് 2 മീറ്റര്‍ ഭുജം ഉപയോഗിച്ച് താഴേക്ക് തുരക്കാനും പാറക്കഷ്ണങ്ങള്‍ ശേഖരിക്കാനും കഴിയും. നീളം- 3.048 മീറ്റര്‍, ഉയരം- 2.13, ഭാരം- 1025 കി.ഗ്രാം. ഇന്‍ജെന്യുയിറ്റി എന്ന ചെറു ഹെലികോപ്റ്ററിന് 1.8 കിലോ ഗ്രാം ഭാരവും 0.49 മീറ്റര്‍ ഉയരവുമാണുള്ളത്. സൗരോര്‍ജം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ക്യാമറകളും നാവിഗേഷന്‍ സെന്‍സറുകള്‍ അടക്കമുള്ളവയുമുണ്ട്.