കാനഡയില്‍ കോവിഡ് നിയന്ത്രണം ലംഘിച്ച് പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ അറസ്റ്റില്‍
പി.പി. ചെറിയാന്‍
ആല്‍ബര്‍ട്ട്, കാനഡ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആരാധനാലയത്തില്‍ പ്രാര്‍ഥന നടത്തിയ പാസ്റ്ററെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ആല്‍ബര്‍ട്ട സര്‍ക്കാര്‍ കോവിഡിനെ പ്രതിരോധിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു പ്രാര്‍ഥന നടത്തിയ ഗ്രേസ് ലൈഫ് ചര്‍ച്ചിലെ മുതിര്‍ന്ന പാസ്റ്റര്‍ ജെയിംസ് കോട്ടാണ് അറസ്റ്റിലായത്.
ഗ്രേസ് ചര്‍ച്ചിലുള്ള അംഗങ്ങള്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും പ്രഥമ പരിഗണന ദൈവത്തോടു വിശ്വസ്തത പുലര്‍ത്തുക എന്നതാണെന്നും ഗവണ്‍മെന്റിനോടല്ലെന്നും ഇവര്‍ പറയുന്നു. വിശ്വാസം ത്വജിക്കുന്നതിനേക്കാള്‍ ഗവണ്‍മെന്റിന്റെ നിയമങ്ങള്‍ വെല്ലുവിളിക്കുകയാണ് നല്ലെതെന്ന് ഇവിടെയുള്ള ചര്‍ച്ച് അംഗങ്ങള്‍ വിശ്വസിക്കുന്നു.അറസ്റ്റു ചെയ്തു ജയിലിലടച്ച പാസ്റ്റര്‍ ജയിലില്‍ തന്നെ കഴിയുവാനാണ് ആഗ്രഹിക്കുന്നതെന്ന് കോട്ട്‌സിന്റെ അറ്റോര്‍ണി ജെയിംസ് കാപ്പന്‍ പറഞ്ഞു.
ആല്‍ബര്‍ട്ട് ഹെല്‍ത്ത് സര്‍വീസ് ഇന്‍സ്‌പെക്ടര്‍ ജെയ്‌നി ഗ്രേയ്‌സ് ലൈഫ് ചര്‍ച്ചിന് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. ചര്‍ച്ചിന്റെ കപ്പാസിറ്റിയില്‍ 15 ശതമാനം താഴെ മാത്രമേ ആരാധനക്കായി കൂടി വരാവൂ എന്നും സാമൂഹ്യ അകലവും മാസ്‌ക്കും ധരിക്കണമെന്നും ചൂണ്ടികാണിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ച ചര്‍ച്ചിനും പാസ്റ്റര്‍ക്കുമെതിരെ എഎച്ച്എസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
പാസ്റ്റര്‍ വീണ്ടും നിര്‍ദേശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ അറസ്റ്റു ചെയ്തു ജയിലിലടക്കുന്നതിനുള്ള ഉത്തരവും കോടതി നല്‍കിയിരുന്നു. 400 ല്‍ പരം അംഗങ്ങളെ പ്രവേശിപ്പിച്ചു തന്നിലര്‍പ്പിതമായ ചുമതലകള്‍ നിറവേറ്റുന്നതില്‍ നിന്നും ആര്‍ക്കും തന്നെ തടയാനാവില്ലെന്ന് പാസ്റ്റര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.