ഡൊണാള്‍ഡ് ട്രംപ് ഒരു പരാജയമായിരുന്നോ?

ജനാധിപത്യത്തിന്റെ അവസാന വാക്ക് `ക്യാപ്പിറ്റോള്‍ ` സംഭവം വരെ അമേരിക്കയായിരുന്നെന്നു പറയാം. മറ്റു ലോക രാഷ്ട്രങ്ങളിലെല്ലാം ജനാധിപത്യ സംവിധാനങ്ങള്‍ ജനാധിപത്യ മര്യാദകള്‍ക്കനുസൃതമായാണ് നിലനില്‍ക്കുന്നതെന്നുറപ്പു വരുത്തുക, അങ്ങനെയല്ലെങ്കില്‍ നിലവിലുള്ള സര്‍ക്കാരിനെ മറിച്ചിട്ടു സാക്ഷാല്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക, ഏകാധിപത്യം നിലവിലുള്ളിടങ്ങളില്‍ റിബലുകളുമായി സഹകരിച്ചു ജനാധിപത്യം നടപ്പിലാക്കാനുള്ള പദ്ധതികള്‍ക്കു ചുക്കാന്‍ പിടിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളൊക്കെ സ്വയം ഏറ്റെടുത്ത്, ലോകത്തു സമത്വവും സമാധാനവും `കൊണ്ടുവന്നുകൊണ്ടിരുന്ന` അമേരിക്കയുടെ പ്രതിഛായയക്കേറ്റ കനത്ത പ്രഹരമായി ക്യാപ്പിറ്റോള്‍ അതിക്രമങ്ങള്‍ വിലയിരുത്തപ്പെട്ടു.

അമേരിക്കയുടെ ഉന്നമനത്തിനു വേണ്ടി, പതിവു രീതികളെയെല്ലാം മാറ്റിയെഴുതിക്കൊണ്ട് സ്വന്തം ശൈലിയില്‍ ഭരണം നടത്തുവാന്‍ തുനിഞ്ഞ ട്രംപ്, എതിരാളികളായ ഡെമോക്രാറ്റ്‌സിനും, അമേരിക്കയുടെ ആനുകൂല്യങ്ങള്‍ പറ്റി നിലനിന്നു പോരുന്ന ലോക സംഘടനകള്‍ക്കും, നാറ്റോ മുതല്‍ അമേരിക്കയുടെ അപ്രമാദിത്വം അംഗീകരിച്ചു കൊണ്ട് തങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തിയിരുന്ന ലോകരാജ്യങ്ങള്‍ക്കുമെല്ലാം, അനഭിമതനായെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല.

അമേരിക്കയുടെ സാമ്പത്തിക പിന്തുണയില്ലാതെ വന്നാല്‍ പല പ്രസ്ഥാനങ്ങളുടെയും നിലനില്‍പ്പു തന്നെ അവതാളത്തിലാകുമായിരുന്നു. 2019 വരെയുള്ള തന്റെ ഭരണം കൊണ്ട് സാമ്പത്തിക വളര്‍ച്ചയും, തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക വഴി അനുയായികളില്‍ കൂടുതല്‍ വിശ്വാസ്യതയും നേടിയെടുത്ത ട്രംപ്, 2020 ലെ ആകസ്മിക തിരിച്ചടികള്‍ ഒരു തിരഞ്ഞെടുപ്പു പരാജയത്തില്‍ അവസാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല;
ഒരു പരാജയം അംഗീകരിക്കുവാന്‍ മാനസികമായി അയാള്‍ തയാറായിരുന്നുമില്ല.

ജനുവരി 6ന്റെ അക്രമാസക്തമായ ക്യാപിറ്റോള്‍ മാര്‍ച്ചിനു കാരണം ട്രംപിന്റെ പ്രസംഗമായിരുന്നെന്ന ആരോപണമുന്നയിച്ചാണ് ട്രംപിനെതിരെ രണ്ടാമത്തെ ഇ0പീച്ച്‌മെന്റു നടപടികളുമായി ഡെമോക്രാറ്റുകള്‍ മുന്നോട്ടു വരുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ ഇ0പീച്ച്‌മെന്റ് ഒരിക്കലും യാഥാര്‍ഥ്യമാകില്ലെന്നു തീര്‍ച്ചയുണ്ടായിരുന്നിട്ടും അദ്ദേഹത്തെ കഴിയുന്നതിന്റെ പരമാവധി അപമാനിച്ച് ജനമനസ്സുകളില്‍ അപഹാസ്യനാക്കുകയായിരുന്നു ഡെമോക്രാററ്‌സിന്റെ അവസാന ലക്ഷ്യം;

2024ല്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുവാനുള്ള അയാളുടെ ആഗ്രഹത്തിന് റിപബ്ലിക്കന്‍സിനെക്കൊണ്ടു തന്നെ തടയിടുവിക്കുക.

ഡെമോക്രാറ്റുകള്‍ ട്രംപിനെ അത്രയേറെ ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം.

Black Lives Matter മൂവ്‌മെന്റും അപ്രതീക്ഷിതമായി ലോകത്തെ ഗ്രസിച്ച കോവിഡ് -19 ഉം തുണച്ചില്ലായിരുന്നെങ്കില്‍ ജോ ബൈഡന്റെ വിജയം, ഡെമോക്രാറ്റുകളുടെ ആഗ്രഹം മാത്രമായി ഒരു പക്ഷെ അവസാനിക്കുമായിരുന്നു.

ഇനിയൊരു പ്രസിഡന്റ് സ്ഥാനം സ്വപ്നം കാനാവാത്ത വിധം ട്രംപിന്റെ പ്രതിച്ഛായയെ, അദ്ദേഹത്തെ അറിയാത്തവര്‍ക്കു മുന്നില്‍ വരച്ചു കാട്ടുവാന്‍ ഡെമോക്രാറ്റുകള്‍ക്കായി. അധികാരത്തിലെത്തിയ ശേഷമുള്ള ട്രംപിന്റെ ഒരു പുതിയ മുഖത്തെയാണോ നമ്മള്‍ കാണേണ്ടിവന്നതെന്നു പരിശോധിച്ചാല്‍ ഉത്തരം ഒരിക്കലുമല്ല എന്നു തന്നെ.

ട്രംപ് എന്നും അങ്ങിനെയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. തിരഞ്ഞെടുപ്പു പ്രചാരണവേളകളില്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങളെല്ലാം രാജ്യത്തു നടപ്പിലാക്കാന്‍ അയാള്‍ പ്രതിജ്ഞാബദ്ധനായിരുന്നു.

ട്രംപിനെപ്പറ്റിയുള്ള, മറ്റുള്ളവരുടെ/സഹചാരികളുടെ മുന്‍വിധികളും, ഭരണ നയങ്ങളില്‍ സംഭവിച്ചേക്കാവുന്ന വ്യതിയാന/അപായ സൂചനകളും എല്ലാം യാഥാര്‍ഥ്യമായി എന്നു തന്നെ പറയാം.

ട്രംപ് ഒരിക്കലും ഒരു രാഷ്ട്രീയക്കാരനായിരുന്നില്ല. ഏതു പാര്‍ട്ടി അധികാരത്തിലെത്തിയാലും അവരെ കൂടെ നിറുത്തുക എന്നതു മാത്രമായിരുന്നു മറ്റേതൊരു കോര്‍പറേറ്റുകളെയും പോലെ ട്രംപും ലക്ഷ്യം വച്ചിരുന്നത്.
തന്റെ വ്യവസായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി, 2005 മുതല്‍ 2012 വരെയുള്ള കാലയിളവില്‍ മാത്രം, 3 മില്യണ്‍ ഡോളറാണ് പാര്‍ട്ടി ഭേദമെന്യേ സംഭാവനയായി അയാള്‍ നല്‍കിയത്.

പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിച്ച തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലാരി ക്ലിന്റന്‍ ന്റെയും, ബില്‍ ക്ലിന്റന്റെയും `ക്ലിന്റണ്‍ ഫൌണ്ടേഷന് 100000 ഡോളര്‍ ആയിരുന്നു ട്രംപിന്റെ സംഭാവന.

ഭരിക്കുന്നവരില്‍ നിന്നും തന്റെ ആവശ്യങ്ങള്‍ നേടിയെടുത്തു കൊണ്ട് തന്റെ വ്യവസായ സാമ്പ്രാജ്യം വളര്‍ത്തിയെടുക്കുകയാണ് ഭരണത്തിലേറുന്നതിലും നല്ലതെന്നു ട്രംപ് വിശ്വസിച്ചു പോന്നു.

അതുകൊണ്ടു തന്നെ, 2009 വരെ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ട്രംപ് അനുയായികളുടെയോ പ്രലോഭനങ്ങളില്‍ പെട്ടു പോകാതെപാര്‍ട്ടി രാഷ്ട്രീയചേരികളില്‍ നിന്നും അയാള്‍ അകലം പാലിച്ചു.

വിജയം തീര്‍ച്ചയില്ലാത്ത ഒരു രംഗത്തേക്കും ഇറങ്ങിത്തിരിക്കുക, ട്രംപിനെ സംബന്ധിച്ചിടത്തോളം യോജിച്ചു പോകാന്‍ പറ്റാത്തതും.

`ജയിക്കാനായി മാത്രം ജനിച്ചവന്‍` അതായിരുന്നു ട്രംപ്.

‘മറ്റുള്ളവരുടെ മുന്നില്‍ എന്നും വിജയക്കൊടി പാറിക്കുന്ന ഒരു രാജാവായിരിക്കണം നീ’, ബാല്യകാലത്തു ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപ് (അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റര്‍) അവനെ പറഞ്ഞു പഠിപ്പിച്ചത് അങ്ങിനെയായിരുന്നു. അതിനെ അക്ഷരം പ്രതി യാഥാര്‍ഥ്യമാക്കുന്ന രീതിയിലാണ് ട്രംപ് വളര്‍ന്നു വന്നതും.

ന്യൂയോര്‍ക് മിലിട്ടറി അക്കാദമി സ്‌കൂള്‍ വിദ്യാഭാസത്തിനിടെ ബെയ്സ് ബോള്‍ ടീം ക്യാപ്റ്റനായിരുന്ന ട്രംപ്, ടീമിനു വിജയം നേടിക്കൊടുക്കുമ്പോള്‍ അതുല്യ കളിക്കാരനായ ട്രംപിന്റെ പേരിലാണ് ആ ടീം തന്നെ അറിയപ്പെട്ടത്.

25-ആം വയസ്സില്‍ പഠനം പൂര്‍ത്തിയാക്കി പിതാവിനെ സഹായിക്കാനിറങ്ങിയ ട്രംപിന് 14000 അപ്പാര്‍ട്മെന്റുകളിലെ വാടകക്കാരുടെ ചുമതലയാണ് ആദ്യം കിട്ടിയ ഉത്തരവാദിത്വം.

1973ല്‍ വാടകക്കാരെ തിരഞ്ഞെടുക്കുന്നതില്‍ വംശീയ വ്യത്യാസം കാട്ടിയെന്നും കറുത്ത വര്‍ഗക്കാര്‍ക്ക് അപ്പാര്‍ട്മെന്റുകള്‍ നല്‍കുന്നതില്‍ തിരിവ് കാട്ടിയെന്നും തെളിയിക്കപ്പെട്ടപ്പോള്‍ ആദ്യമായി ട്രംപ് വംശീയ വിദ്വേഷിയായി പത്രത്താളുകളില്‍ പരാമര്‍ശിക്കപ്പെട്ടു.

കുടുംബ ബിസ്‌നസ്സ് ആയ റിയല്‍ എസ്റ്റേറ്റില്‍ ചുവടുറപ്പിച്ച ട്രംപിന്റെ അത്ഭുതാവഹമായ വളര്‍ച്ചയാണ് അതിനു ശേഷം കാണുന്നത്. അമേരിക്കയുടെ മുഖഛായ തന്നെ മാറ്റിയെടുത്ത മാന്‍ഹാട്ടനിലെ Hyaat Hotel തുടങ്ങി Trump Tower (ഇവിടെ അഞ്ചു നിലകളില്‍ പരന്നു കിടന്ന ഒരു Atrium ത്തിന്റെ വാടക വര്‍ഷം ഒരു മില്യണ്‍ ഡോളര്‍ ആയിരുന്നു), അറ്റ്‌ലാന്റാ സിറ്റിയിലുള്ള കാസിനോ ഹോട്ടലുകള്‍, Tajmahal Hotel, Trump Plaza Hotel, Trump Schuttle വിമാന സര്‍വീസ്, ആഡംബര നൗക തുടങ്ങി മുതലാളിത്വത്തിന്റെയും പ്രൗഡിയുടെയും അമേരിക്കന്‍ സ്വപ്നമായിരുന്നു ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് സാമ്പ്രാജ്യം സമ്മാനിച്ചത്.

1989 ലെ ഫോര്‍ബസ് മാസികയുടെ ഏറ്റവും ധനികരായ അമേരിക്കരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ച ട്രംപിനെ പക്ഷെ 90 കളിലെ സാമ്പത്തിക മാന്ദ്യവും ചില പ്രോജക്ടുകളുടെ പരാജയവും മൂലം 3.2 മില്യാര്‍ഡന്‍ ഡോളറിന്റെ കടക്കാരനായിട്ടാണ് പിന്നീടു നമ്മള്‍ കാണുന്നത്.

ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പരാജയങ്ങളില്‍ നിന്നെല്ലാം ഉയിര്‍ത്തെഴുന്നേറ്റ ട്രംപിന്റെ ജനസമ്മതിയും പ്രസിദ്ധിയും `Apprantice `എന്ന റിയാലിറ്റി ഷോയും പിന്‍തുടര്‍ന്നു പ്രക്ഷേപണം ചെയ്യപ്പെട്ട ടോക്ക് ഷോയും അതിന്റെ പാരമ്യതയിലെത്തിച്ചെന്നു വേണമെങ്കില്‍ പറയാം.

Aprantice റിയാലിറ്റി ഷോയുടെ കാഴ്ചക്കാര്‍ ഒരു സമയം 27 മില്യണ്‍ ആയിരുന്നത്രേ!

ആ കാലഘട്ടങ്ങളില്‍ അമേരിക്കന്‍ യുവത്വത്തിന് മാതൃകയാക്കാവുന്ന രണ്ടുവിജയപ്രതിഭകളായി ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും ഡൊണാള്‍ഡ് ട്രംപും അറിയപ്പെട്ടിരുന്നു എന്നു പറയുമ്പോള്‍ മനസ്സിലാക്കണം, ട്രംപ് എത്രമാത്രം ജനപ്രിയനായിരുന്നുവെന്ന്. ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള വഴിയില്‍ തടസ്സങ്ങള്‍ ട്രമ്പിനൊരു പ്രശ്‌നമായിരുന്നില്ല.

ടെലിവിഷന്‍ സ്‌ക്രീനില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമൊക്കെ പറന്നിറങ്ങി ജനമനസ്സുകളില്‍ കുടിയേറിയ ട്രംപിനെ പലരും നിര്‍ബന്ധിച്ചെങ്കിലും രാഷ്ട്രീയത്തിലിറങ്ങാന്‍ അദ്ദേഹം തയാറായില്ല.

അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തിന് ഇറങ്ങി പുറപ്പെടണമെന്നോ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ എന്ത് ചെയ്യണമെന്നോ കച്ചവടമനസ്സിന്നുടമയായ, വിജയം മാത്രം മുന്നില്‍ കാണുന്ന ട്രംപിന് നിശ്ച്വയമില്ലായിരുന്നു.

എന്നാല്‍ ബാരക് ഒബാമ പ്രസിഡന്റ് സ്ഥാനത്തെത്തിയതു മുതല്‍ ട്രംപിന്റെ രാഷ്ട്രീയ ചിന്തകളില്‍ വ്യതിയാനമുണ്ടായി.

അതു വരെ അത്രയൊന്നും അറിയപ്പെടാതിരുന്ന ഒബാമ പ്രസിഡന്റ് പദത്തിലെത്തുകയും, വിജയഗാഥകള്‍ രചിച്ചു ജനമനസ്സുകളില്‍ ഇടം പിടിച്ചിട്ടുള്ള താന്‍ ആരുമല്ലാതായിരിക്കയും ചെയ്യുന്നത് ട്രംപിനെ അലോസരപ്പെടുത്തി.

രണ്ടാമുഴത്തിനായുള്ള തിരഞ്ഞെടുപ്പിനു മുന്‍പ്, അമേരിക്കയിലാണു ജനിച്ചതെന്നുള്ളതിനു തെളിവായി ഒബാമയോട് ജനന സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് ആവശ്യപ്പെട്ടവരുടെ മുന്‍പന്തിയില്‍ ട്രംപും ഉണ്ടായിരുന്നു.
ട്രംപ് ഉള്‍പ്പെടുന്ന ക്ഷണിക്കപ്പെട്ടവരുടെ ഒരു വലിയ സദസ്സില്‍,2011 ല്‍, ഒബാമ തന്റെ ജനന സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചു ട്രംപിനെ അപമാനിച്ചെന്നാണു പറയപ്പെടുന്നത്.

ആ സദസ്സില്‍ നിന്നും ഒരു ദൃഢ പ്രതിജ്ഞയെടുത്തുകൊണ്ടാണ് ട്രംപ് ഇറങ്ങിപ്പോയത്, അടുത്ത അമേരിക്കന്‍ പ്രസിഡന്റ് താനായിരിക്കുമെന്ന്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ട്വിറ്ററിലൂടെയും ജനങ്ങളുമായി ആശയ വിനിമയം നടത്തിയ ട്രംപ് 2011ല്‍ എടുത്ത പ്രതിജ്ഞ, അടുത്ത പ്രസിഡണ്ട് താനായിരിക്കുമെന്നത്, 2016ല്‍ യാഥാര്‍ഥ്യമാക്കി.

രാഷ്ട്രീയ നയതന്ത്രജ്ഞതയെക്കാളേറെ കച്ചവടത്തിന്റെ തന്ത്രങ്ങള്‍ പയറ്റി പരിശീലിച്ചിരുന്ന, ലാഭവും വിജയവും മാത്രം മുന്നില്‍ കണ്ട്, വിജയങ്ങള്‍ വെട്ടിപ്പിടിച്ചു മാത്രം ശീലമുള്ള ട്രംപ് അമേരിക്കയെ തന്റെ വ്യവസായ സ്ഥാപനമായി കണ്ട് ഒരു വ്യവസായിയുടെ തന്ത്രങ്ങളാണ് വൈറ്റ് ഹൗസില്‍ ഇരുന്നു പരീക്ഷിച്ചത്. അമേരിക്കയെ വീണ്ടും പ്രതാപത്തിലെത്തിക്കാന്‍ വേണ്ടി നഷ്ടക്കച്ചവടങ്ങളെല്ലാം നിറുത്തലാക്കാന്‍ തീരുമാനിച്ചു. നാറ്റോയ്ക്കു വേണ്ടി മറ്റുള്ള അംഗങ്ങളെക്കാള്‍ കൂടുതല്‍ ഫണ്ട് ചിലവാക്കുന്നതും, WHO, കാലാവസ്ഥാ ഫോറം തുടങ്ങിയവയുമെല്ലാം അമേരിക്കയുടെ കാശു വാങ്ങി മറ്റുള്ളവരുടെ താല്പര്യം സ0രക്ഷിക്കുന്ന പ്രസ്ഥാനങ്ങളായി വിലയിരുത്തപ്പെട്ടു; ഇവയില്‍ നിന്നെല്ലാം അമേരിക്ക പുറത്തു പോയി.

ചൈനയുമായി വ്യവസായ യുദ്ധം പ്രഖ്യാപിച്ചു, പാശ്ചാത്യ രാജ്യങ്ങളെ കബളിപ്പിച്ചു കൊണ്ട് ആണവ ശക്തിയാവാന്‍ ശ്രമിച്ചു കൊണ്ടിരുന്ന ഇറാനെതിരെ ശക്തമായ ഉപരോധങ്ങളേര്‍പ്പെടുത്തി. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയിടങ്ങളില്‍ നിന്നെല്ലാം അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചു.
നാറ്റോ യ്ക്കു വേണ്ടി ജര്‍മനിയില്‍ ക്യാമ്പ് ചെയ്തിരുന്ന അമേരിക്കന്‍ പട്ടാളക്കാരില്‍ നല്ല പങ്കിനെയും തിരിച്ചു വിളിക്കുമെന്ന് തീരുമാനിച്ചു. അങ്ങനെ ലോക നേതാക്കള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തീരുമാനങ്ങളുമായാണ് ട്രംപ് മുന്നോട്ടു പോയത്. അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ അമേരിക്കയുടെ വളര്‍ച്ച മുരടിച്ചു പോകുമെന്ന കണക്കു കൂട്ടലില്‍ നിന്നാണ് (തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്ന) അഭയാര്‍ഥികള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയതും മെക്‌സിക്കന്‍ മതിലു പണിതതുമെല്ലാം.

പുതുക്കിയ വിസാ നിയമങ്ങള്‍ അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിനു വേണ്ടിയായിരുന്നെങ്കിലും അതു മൂലം അമേരിക്കന്‍ സ്വപ്നത്തിനു മങ്ങലേറ്റ മലയാളികളുള്‍പ്പെടെ പലര്‍ക്കും തീരുമാനങ്ങളോട് എതിര്‍പ്പായിരുന്നു.

തന്റെ ഭരണ കാലത്ത് ഒരു യുദ്ധത്തിനും അവസരമുണ്ടാക്കാതിരുന്ന ട്രംപിന് അറബ്-ഇസ്രായേല്‍ രാജ്യങ്ങളെ തമ്മില്‍ നയതന്ത്ര ബന്ധത്തിലേര്‍പ്പെടുത്താനായത് മറ്റൊരാള്‍ക്കും സാധിക്കാത്ത ഒരു മാസ്മരിക വിജയമായിരുന്നു.

അതുപോലെ തന്നെ നയതന്ത്രം വിജയിച്ചില്ലെങ്കിലും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍- നു മായി ചര്‍ച്ച നടത്തിയതും ഉത്തര കൊറിയന്‍ മണ്ണില്‍ ചുവടു വച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റെന്ന ഖ്യാതിയും ട്രംപിനു സ്വന്തം.

മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ഒരു നോബല്‍ സമ്മാനം കിട്ടാന്‍ ഇത്രയൊക്കെ മതിയായിരുന്നു.

എന്നാല്‍ ഭരണത്തിലേറിയ നാള്‍ മുതല്‍ ട്രംപിന്റെ ഭരണം ദുഷ്‌കരമാകാന്‍ ഡെമോക്രാറ്റുകള്‍, നാന്‍സി പെലോസിയുടെ നേതൃത്വത്തില്‍ പരമാവധി ശമിച്ചെന്നാണ് സത്യം. പീഡനകേസുകളുള്‍പ്പെടെ പല കേസുകളിലും ട്രംപിനെ കുടുക്കുവാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരുന്നു.

ഫേസ് ബുക്ക്, ട്വിറ്റെര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുടെ അപ്രമാദിത്യവും വര്‍ധിച്ചു വരുന്ന അധികാരഭ്രമവും മുന്‍കൂട്ടി മനസ്സിലാക്കിയ ട്രംപ് കുറച്ചു നാള്‍ കൂടി അധികാരത്തിലുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു കൂച്ചു വിലങ്ങിടുമായിരുന്നു. അതിനവസരം കൊടുക്കാതെ അവര്‍ ട്രംപിനെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും പുറത്താക്കി പകരം വീട്ടി.

ഭരണത്തിലേറുമ്പോള്‍ 10% ത്തിലധികമായിരുന്ന തൊഴിലില്ലായ്മാ നിരക്കു 4 % മാനത്തിലെത്തിക്കാനും അമേരിക്കയുടെ സാമ്പത്തികവളര്‍ച്ചയെ ത്വരിതപ്പെടുത്താനും ട്രംപിനു സാധിച്ചിരുന്നു. black Live Matters സമരമുണ്ടാവാന്‍ കാരണമായ പൊലീസ് നിയമങ്ങള്‍ കാലങ്ങളായി നിലനിന്നിരുന്നതാണ്. കോവിഡ് -19 നെ നേരിട്ട രീതിയെ ന്യായീകരിക്കാന്‍ സാധിക്കില്ല. പക്ഷെ `American Pride`, അതിന്റെ പ്രതീകമായ ട്രമ്പിനോട് വൈറസിന്റെ തുടക്കത്തില്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടത് അതിരു കടന്നു പോയോ!.

2024ല്‍ മത്സരിക്കണമെന്ന് ട്രംപ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇനി അതിനുള്ള സാധ്യതകള്‍ തീരെയില്ല.
റിപ്പബ്ലിക്കന്‍സില്‍ 70% ത്തിന്റെയും പിന്തുണ ഇപ്പോളും ട്രംപിനെന്നു പറയപ്പെടുന്നു. ട്രംപ് മത്സരിച്ചാലുമില്ലെങ്കിലും ട്രംപിന്റെ പിന്തുണയില്ലാതെ ഒരു റിപ്പബ്ലിക്കന്‍ വിജയം അസാദ്ധ്യമായിരിക്കും.

ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയിലെ തിരഞ്ഞെടുപ്പ് നാടകങ്ങളില്‍ നടക്കുന്നത്ര വ്യക്തിഹത്യയും, പണച്ചിലവും, ബാഹ്യ ഇടപെടലുകളും ഒരു പക്ഷെ മറ്റൊരിടത്തും സംഭവിക്കുന്നുണ്ടാവില്ല. സാമൂഹ്യമാധ്യമങ്ങളുടെ അപ്രമാദിത്യവും അതിപ്രസരവും ജനാധിപത്യ പ്രക്രിയയെത്തന്നെ ജീര്‍ണിപ്പിക്കുന്നു. നേതാവിന്റെ `മുഖം` ഫോട്ടോഷോപ്പിലെന്നപോലെ സുന്ദരമാക്കി ജനങ്ങളുടെ മുന്‍പിലെത്തിക്കുന്ന സാമൂഹ്യമാധ്യമങ്ങളായിരിക്കും ഇനി നേതാവിനെയും, നയങ്ങളും തീരുമാനിക്കുന്നതു പോലും.

സാമൂഹ മാധ്യമങ്ങള്‍ മാറി ചിന്തിച്ചാല്‍ ഒരുപക്ഷെ ട്രമ്പിനും ഒരു രണ്ടാമൂഴം!