ആനക്കള്ളക്കടത്ത് കേസില്‍ അട്ടിമറി; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

വിവാദമായ ആനക്കള്ളക്കടത്ത് കേസ് അന്വേഷണത്തില്‍ വീണ്ടും സര്‍ക്കാര്‍ തല അട്ടിമറി. അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയാണ് വനംവകുപ്പിന്റെ കള്ളക്കളി.ആനക്കള്ളക്കടത്തിന് പിന്നില്‍ വന്‍ മാഫിയയെന്ന നിര്‍ണ്ണായക കണ്ടെത്തലുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കേസ് അട്ടിമറിച്ച് അന്വേഷണ ഉദ്യോഗസ്ഥനെ വനം വകുപ്പ് സ്ഥലം മാറ്റിയത്. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന കൊല്ലം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹീരാലാലിനെ തിരുവനന്തപുരത്തേക്കാണ് മാറ്റിയത്. ഹീരാലാലടക്കം 15 പേര്‍ക്കാണ് വനം വകുപ്പില്‍ സ്ഥലം മാറ്റം. ഭരണപരമായ സൌകര്യം കണക്കിലെടുത്തുള്ള സ്വാഭാവിക സ്ഥലം മാറ്റമെന്നാണ് വകുപ്പിന്റെ വിശദീകരണം. അതിനിടെ കേസില്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ നിന്ന് ആന ഉത്സവ സംരക്ഷണ സഹായസംഘം പിന്മാറി.

 

സ്ഥലം മാറ്റത്തോടെ അഞ്ച് മാസമായി തുടരുന്ന ആനക്കള്ളക്കടത്ത് അന്വേഷണം പൂര്‍ണ്ണമായും അട്ടിമറിക്കപ്പെട്ട അവസ്ഥയിലായി. നിയമവിരുദ്ധമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ കേരളത്തില്‍ എത്തിച്ച് വില്‍പന നടത്തിയതിലും ആനക്കൊമ്പ് കച്ചവടത്തിലും, ആനകളുടെ പേരില്‍ വ്യാജ രേഖകള്‍ ചമച്ചതിലുമാണ് വനം വകുപ്പ് പ്രത്യേക സംഘം അന്വേഷണം നടത്തിയിരുന്നത്. കേസില്‍ ആകെ ഒരു പ്രതിയെ മാത്രം അറസ്റ്റ് ചെയ്തു. മുഖ്യപ്രതികളായ പുത്തന്‍കുളം ഷാജി,പ്രശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടിയില്ല. കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ ആനക്കള്ളക്കടത്തിന് പിന്നില്‍ വന്‍ മാഫിയയെന്ന് സര്‍ക്കാരിനെയും കോടതിയെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ധരിപ്പിച്ചിരുന്നു.

പ്രതികളുടെ കൈവശമുള്ള ആനകളെ കസ്റ്റഡിയിലെടുക്കാനും തുടങ്ങി. അന്വേഷണം ശക്തമാകുന്നതിനിടെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ വനംവകുപ്പിന്റെ നടപടി ഇതോടെ സംശയനിഴലിലായി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ട വനംമന്ത്രി കെ. രാജുവിന്റെ നിലപാട് നേരത്തെ വിവാദമായിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വനം മന്ത്രി അന്വേഷണം തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ശന നിലപാടെടുത്ത ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ ഈ മാസം വിരമിക്കുമെന്നിരിക്കെയാണ് അന്വേഷണ സംഘത്തില്‍ അഴിച്ചുപണി നടത്തിയതെന്നതും അട്ടിമറി സാധ്യത ബലപ്പെടുത്തി. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ നിന്ന് ആന ഉത്സവ സംരക്ഷണ സഹായ സംഘം പിന്മാറിയത് പ്രത്യേക സംഘത്തിന്റെ നീക്കങ്ങളെ ദുര്‍ബലമാക്കി.