പതിമൂന്നാം ദിവസവും വര്‍ധിച്ചു പെട്രോള്‍ ഡീസല്‍ വില
തുടര്‍ച്ചയായ പതിമൂന്നാം ദിവസവും വര്‍ദ്ധിക്കുന്നതില്‍ മാറ്റം ഇല്ലാതെ പെട്രോള്‍ ഡീസല്‍ വില. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ കടന്ന് 87 രൂപ ഒരു പൈസയായി. പെട്രോള്‍ 92 രൂപ 46 പൈസയാണ് തിരുവനന്തപുരത്ത് വില. കൊച്ചിയില്‍ ഡീസലിന് 85 രൂപ 40 പൈസയും പെട്രോളിന് 90 രൂപ 74 പൈസയുമായി. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂടിയത്. വെള്ളിയാഴ്ച പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയും വര്‍ധിച്ചിരുന്നു. ഫെബ്രുവരി 9 മുതല്‍ 20 വരെയുള്ള പത്ത് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് വര്‍ധിച്ചത്.
ബുധനാഴ്ച രാജ്യത്ത് ആദ്യമായി പെട്രോള്‍ വില നൂറുകടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പുകളില്‍ അന്ന് പെട്രോള്‍ വില 100.13 രൂപയിലെത്തിയിരുന്നു. രാജ്യത്തെ ഉയര്‍ന്ന ഡീസല്‍ വില ഒഡീഷയിലെ മല്‍ക്കാന്‍ഗിരിയില്‍ അന്നേദിവസം രേഖപ്പെടുത്തി. ലിറ്ററിന് 91.62 രൂപയായിരുന്നു ബുധനാഴ്ചത്തെ നിരക്ക്. നവംബര്‍ 19 മുതലാണ് എണ്ണ വിതരണ കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയതോടെ സര്‍ക്കാര്‍ ചില ഇടപെടലുകള്‍ നടത്തിയിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു 2018ലെ വില വര്‍ധന സമയത്ത് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.
ഇതിനിടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനത്തിന്‍ മേലുള്ള നികുതി വര്‍ദ്ധിപ്പിച്ചു. ഇതും ഇന്ധന വില ഉയരാന്‍ കാരണമായി. ഡല്‍ഹിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിന്റെ നികുതി 180 ശതമാനം വര്‍ദ്ധിപ്പിച്ചു. ഡീസലിന്റെ നികുതി 141 ശതമാനം വര്‍ദ്ധിച്ചു. ഗ്രാമപ്രദേശങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് നിരവധി കര്‍ഷകരെയും ഇന്ധന വില വര്‍ദ്ധനവ് ബാധിക്കും. ജലസേചനത്തിനും മറ്റും ഡീസല്‍ മോട്ടോറുകള്‍ ഉപയോഗിക്കുന്നത് കര്‍ഷകരുടെ ചെലവ് വര്‍ദ്ധിപ്പിക്കും.
ഇന്ധനവില ഉയരുന്നതിനെച്ചൊല്ലിയുള്ള ആശങ്കകള്‍ക്കിടയില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ സംസ്ഥാനത്തെ ഇന്ധന വില ലിറ്ററിന് 7 രൂപ കുറച്ചു. ഇന്ധനവിലയിലെ നിരന്തരമായ വര്‍ധനവിനെ തുടര്‍ന്ന് ഇന്ധനത്തിന്‍ മേലുള്ള നികുതി ഉടന്‍ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തുന്നുണ്ട്. കേരളത്തിലും ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92 രൂപ കടന്നു. ഡീസലിന് 87 രൂപ കടന്നു. എല്‍ പി ജി സിലിണ്ടറിന്റെ വിലയും ഈ ആഴ്ച ഡല്‍ഹിയില്‍ 50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. അതേസമയം വില കുറയ്ക്കുന്ന കാര്യത്തില്‍ കേരളം ഇതുവരെ ഒരു സമീപനവും എടുത്തിട്ടില്ല.