മേഴ്‌സിക്കുട്ടിയമ്മയും ഇ.എം.സി.സി കമ്പനി ഉടമയും ചര്‍ച്ച നടത്തുന്നതിന്റെ ഫോട്ടോ പുറത്ത് വിട്ട് ചെന്നിത്തല

കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അമേരിക്കന്‍ കമ്പനിക്ക് അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ തെളിവുകള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി പ്രതിനിധികള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗ്ഗീസുമായി മേഴ്സിക്കുട്ടിയമ്മ ചര്‍ച്ച നടത്തുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഫിഷറീസ് വകുപ്പ് ജോയിന്റെ സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു.

അമേരിക്കയിലെ ചര്‍ച്ചയുടെ ഫോട്ടോയും താമസിയാതെ ലഭിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.മന്ത്രിയുമായി സംസാരിച്ചെന്ന കാര്യം ഇ.എം.സി.സി. അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കള്ളിവെളിച്ചത്തായപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി മന്ത്രി ഉരുണ്ടുകളിക്കുകയാണ്. 2018-ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് യു.എന്‍. പരിപാടിക്ക് ആയിരുന്നുവെന്നും വേറാരുമായും ചര്‍ച്ച നടത്തിയില്ലെന്നുമുള്ള മേഴ്സിക്കുട്ടിയമ്മയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. ഇ.എം.സി.സി യുടെ കന്‍സപ്റ്റ് നോട്ടും ചെന്നിത്തല പുറത്ത് വിട്ടു. ഫിഷറീസ് വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ഇതിലും പറയുന്നു.

സംശയ മുന മുഖ്യമന്ത്രിയിലേക്കാണെന്നും മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കെ.എസ്.ഐ.എന്‍.സി യുമായി കമ്പനി കരാര്‍ ഒപ്പിട്ടെന്നും ചെന്നിത്തല ആരോപിച്ചു. അതിനിടെ വിവാദത്തില്‍ പ്രതികരണവുമായി മത്സ്യത്തൊഴിലാളികളും രംഗത്തെത്തി. സമര പരിപാടികള്‍ തീരുമാനിക്കാന്‍ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് കൊച്ചിയില്‍ ചേരും. കരാറിനെക്കുറിച്ച് അറിയില്ലെന്ന മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കാന്‍ ആവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മത്സ്യബന്ധന മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കരാറാണെന്നാണ് തൊഴിലാളി സംഘടനകളുടെ വിലയിരുത്തല്‍. പുതിയ തീരുമാനത്തിലൂടെ കേരളത്തിന്റെ കടല്‍ തീരം കൊള്ളയടിക്കപ്പെടുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി ആരോപിച്ചു.

എന്നാല്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇ.എം.സി.സിക്ക് കരാര്‍ നല്‍കില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി. ഫിഷറീസ് വകുപ്പുമായി ഒരു കരാറും ഇ.എം.സി.സി ഉണ്ടാക്കിയിട്ടില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം. അസന്റ് കേരളയില്‍ ധാരണപത്രം ഒപ്പിടുന്നത് എല്ലാം പ്രയോഗത്തില്‍ വരില്ല. ഇ.എം.സി.സി പ്രതിനിധി തന്നെ ഓഫീസില്‍ വന്ന് കണ്ടിരുന്നു. എന്നാലത് കരാര്‍ ഒപ്പിടലല്ല. എത്രയോ പേര്‍ ഓഫീസില്‍ വന്ന് തന്നെ കാണാറുണ്ട്. ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തി എന്ന ആരോപണം തെറ്റാണ് ഫിഷറീസ് നയം മന്ത്രിസഭ അംഗീകരിച്ചതാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.