ചര്‍ച്ച പൂര്‍ത്തിയായി ; സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍
പി.എസ്.സി ഉദ്യോഗാര്‍ഥികളും സര്‍ക്കാര്‍ നിയമിച്ച പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. എന്നാല്‍ ചര്‍ച്ചയിലെ ധാരണകള്‍ ഉത്തരവായി ഇറങ്ങുന്നത് വരെ സമരം തുടരുമെന്നും നല്ല രീതിയിലാണ് ചര്‍ച്ച നടന്നതെന്നും ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചു. സര്‍ക്കാര്‍ അനൂകല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഒ റാങ്ക് ഹോള്‍ഡേഴ്സ് പറഞ്ഞു. സി.പി.ഒ, എല്‍.ജി.എസ് ഉദ്യോഗാര്‍ഥികളുമായായിരുന്നു ചര്‍ച്ച. ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ ജോസും എ.ഡി.ജി.പി മനോജ് എബ്രഹാമുമാണ് ചര്‍ച്ച നടത്തിയത്. സി.പി.ഒ, എല്‍.ജി.എസ് വിഭാഗങ്ങളിലെ മൂന്ന് പേരെ വീതമായിരുന്നു ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
അതേസമയം മന്ത്രിമാര്‍ക്ക് പകരം ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്ക് വിട്ടതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഉദ്യോഗസ്ഥതല ചര്‍ച്ചയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. കേരളത്തില്‍ ഉദ്യോഗസ്ഥ ഭരണമാണോ എന്ന് സി.പി.എം മറുപടി പറയണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. സര്‍ക്കാരിന്റെ പിടിവാശിയില്‍ നിന്ന് സര്‍ക്കാരിന് പിറകോട്ട് പോകേണ്ടി വന്നു. ഇനിയും യുവത്വത്തിന് മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരും. മന്ത്രിമാരുടെ ഒളിച്ചു കളി നിര്‍ത്തണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.