പാലക്കാട് വഴിയരുകില്‍ അഴുകിയ നിലയില്‍ മൃതദേഹം

പാലക്കാട് മണ്ണാര്‍ക്കാടിന് സമീപം തച്ചമ്പാറയിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തച്ചമ്പാറയില്‍ നിര്‍മാണം നടക്കുന്ന പെട്രോള്‍ പമ്പിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നഗ്നനായി കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.

കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായാണ് പൊലീസ് പറയുന്നത്. കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയിലോ തൊട്ടടുത്ത സ്റ്റേഷനായ മണ്ണാര്‍ക്കാടോ അടുത്ത കാലത്തൊന്നും ആളുകളെ കാണാതായ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദേശീയപാതയുടെ സമീപത്തായതിനാല്‍ കൊല നടത്തിയതിന് ശേഷം ആരെങ്കിലും മൃതദേഹം കൊണ്ടുവന്നിട്ടതാകാനും സാധ്യതയുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.