ഇന്ധന വിലവര്‍ധനവില്‍ പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്
രാജ്യത്തു കുത്തനെ ഉയരുന്ന ഇന്ധന വിലവര്‍ധയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ലാഭമുണ്ടാക്കാനാണ് നോക്കുന്നതെന്ന് കത്തില്‍ സോണിയ പറയുന്നു. ‘ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ഉയര്‍ന്നാണ് ഇന്ധന വില. രാജ്യത്തിന്റെ പല ഭാഗത്തും പെട്രോള്‍ വില ലിറ്ററിന് നൂറു രൂപ കടന്നു. ഡീസലിന്റെ തുടരെ ഉയരുന്ന വില കര്‍ഷകരുടെ ദുരിതം വര്‍ധിപ്പിക്കുന്നു. ‘ – കത്തില്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില മിതമായി തുടരുമ്പോഴാണ് വിലവര്‍ധനയെന്നും സോണിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
തുടര്‍ച്ചയായ പന്ത്രണ്ട് ദിവസം പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിരുന്നു. രാജ്യത്ത് വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയെ കുറിച്ചും സോണിയ കത്തില്‍ പരാമര്‍ശിക്കുന്നു. സാധാരണക്കാരെ ഇത് സാരമായി ബാധിക്കുമെന്നും സോണിയ പറഞ്ഞു. ‘പെട്രോളിനും ഡീസലിനും മേല്‍ അമിതമായ എക്‌സൈസ് ഡ്യൂട്ടി ഈടാക്കുന്നതില്‍ താങ്കളുടെ സര്‍ക്കാര്‍ അമിതാവേശം കാണിക്കുകയാണ്. ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും മേല്‍ മുപ്പത്തിരണ്ട് രൂപയാണ് എക്‌സൈസ് ഡ്യൂട്ടി. ഇത് പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയേക്കാള്‍ കൂടുതലാണ്. ഇത് സാമ്പത്തിക പിടിപ്പുകേടിനു മറയിടാനുള്ള പകല്‍കൊള്ളയാണ്’ അവര്‍ പറഞ്ഞു. എക്‌സൈസ് ഡ്യൂട്ടി കുറച്ച് ഇന്ധന വില കുറക്കാന്‍ അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരണകാലത്തിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വിലയെന്നു അവര്‍ ചൂണ്ടികാട്ടി.