ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ; എം.ഡി ഒപ്പുവച്ചത് സര്‍ക്കാരിന്റെ പൂര്‍ണ അനുമതിയോടെ
സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവിധ വകുപ്പുകളുടെ അനുമതിയോടെയാണ് ഒപ്പു വച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. വിവിധ വകുപ്പുകളുടെയും സര്‍ക്കാരിന്റെയും പൂര്‍ണ സമ്മതത്തോടെ കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം ഐ.എ.എസാണ് എം.ഒ.യു ഒപ്പുവച്ചത്. ആഴക്കടല്‍ മത്സ്യബന്ധന പ്രോജക്ടാണെന്ന് തലക്കെട്ടിലും ഉള്ളടക്കത്തിലും ഇ.എം.സി.സി വ്യക്തമായി പറയുന്നുമുണ്ട്.
2019 ഓഗസ്റ്റ് മൂന്നിനാണ് വിശദമായ പ്രോജക്ട് ഇ.എം.സി.സി ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ചത്. വിശദമായ വകുപ്പ്തല പരിശോധനക്ക് ശേഷം ASCEND 2020 ലേക്ക് ഫിഷറീസ് വകുപ്പ് ഈ പദ്ധതി രേഖ ശുപാര്‍ശ ചെയ്ത് ധാരണാപത്രം ഒപ്പിടാനായി സമര്‍പ്പിക്കുന്നു. വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഫിഷറീസ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍, വ്യവസായവകുപ്പ് സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ ഇ.എം.സി.സിയുമായി കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചു. ആഴക്കടല്‍ മത്സ്യബന്ധന പ്രോജക്ടാണെന്ന് തലക്കെട്ടിലും ഉള്ളടക്കത്തിലും വ്യക്തമായി പറയുന്നുമുണ്ട്.
2020 ഫെബ്രുവരി 28-ന് വകുപ്പുകളുടെ അനുമതിയോടെ വിശദമായ പ്രെപ്പോസല്‍ അംഗീകരിച്ച് കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം എം.ഒ.യു ഒപ്പ് വച്ചു. സര്‍ക്കാറിന്റെ പൂര്‍ണ്ണ അംഗീകാരത്തോടെയാണെന്നും സര്‍ക്കാറിനെ പ്രതിനിധീകരിച്ചാണ് രാജമാണിക്യം കരാറില്‍ ഒപ്പ് വയ്കുക്കുന്നതെന്നും എടുത്ത് പറയുന്നുണ്ട്. ASCEND 2020 ല്‍ അംഗീകരിച്ച പ്രോജക്ടിന്റെ ഒമ്പതാം പേജില്‍ സര്‍ക്കാര്‍ സഹകരിപ്പിക്കേണ്ട സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്‍ലന്റ് നാവിഗേഷന്‍ കമ്പനിയും(KSINC) ഉള്‍പ്പെട്ടിട്ടുണ്ട്. മത്സ്യഫെഡ്, സി.എം.എഫ്.ആര്‍.ഐ, പോര്‍ട്ട്, ഷിപ്യാര്‍ഡ് തുടങ്ങിയ 13 സ്ഥാപനങ്ങളുമായുള്ള ഇ.എം.സി.സിയുടെ സഹകരണമാണ് കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് രാജമാണിക്യം 28.2.2020 ന് കരാറാക്കിയത്.