രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം പിരിച്ചു നടക്കാതെ കേന്ദ്രം പെട്രോള്‍ വില കുറയ്ക്കണം എന്ന് ശിവസേന
രാമക്ഷേത്ര നിര്‍മാണത്തിന് പണംപിരിച്ച് നടക്കാതെ കേന്ദ്രം ഇന്ധനവില കുറയ്ക്കണമെന്നു ശിവസേന. ശിവസേന മുഖപത്രമായ സാംമ്നയിലൂടെയാണ് അവര്‍ സര്‍ക്കാരിന് എതിരെ പരിഹാസം ചൊരിഞ്ഞത്. ഇന്ധനവിലയുമായി ബന്ധപ്പെട്ട് കനത്ത പരിഹാസവും വിമര്‍ശനവുമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ശിവസേന അഴിച്ചുവിട്ടത്. കൂടാതെ, 2014ല്‍ UPA സര്‍ക്കാരിനെതിരെ രംഗത്തെത്തിയ ബോളിവുഡ് താരങ്ങള്‍ ഇന്ധനവില ഉയരുന്നതില്‍ മൗനം പാലിക്കുന്നതിനേയും എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്.’ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കേന്ദ്രസര്‍ക്കാര്‍ ഇത് മറന്നിട്ടുണ്ടെങ്കില്‍ പൊതുജനം അവരെ ഓര്‍മ്മപ്പെടുത്തും. രാമക്ഷേത്രത്തിനായി സംഭാവന പിരിക്കുന്നതിനുപകരം കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കുക. ശ്രീരാമന് പോലും ഇതില്‍ സന്തുഷ്ടനാകും’, തിങ്കളാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പറയുന്നു.
2014ന് മുന്‍പ് അക്ഷയ് കുമാറും അമിതാഭ് ബച്ചനും വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചിരുന്നു. പെട്രോള്‍ വില 100 രൂപ കടന്നതിനുശേഷവും ഇപ്പോള്‍ ഈ സെലിബ്രിറ്റികള്‍ നിശബ്ദരാണ്. നിശബ്ദമായി ഇരിക്കാന്‍ അവരെ ആരോ പ്രേരിപ്പിക്കുന്നതിനാല്‍ അവര്‍ ഇപ്പോള്‍ ശാന്തരാണ്. 2014ന് മുന്‍പ് സര്‍ക്കാരിനെതിരെ വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ഇന്ന് നമുക്ക് നഷ്ടപ്പെട്ടു, എഡിറ്റോറിയല്‍ പറയുന്നു. അതേസമയം, ശിവസേനയുടെ യുവജന വിഭാഗമായ യുവസേന മുംബൈയില്‍ ഇന്ധനവില വര്‍ദ്ധനവിനെതിരേ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്ഇതാണോ അഛേ ദിന് എന്ന തലക്കെട്ടിലാണ് ബാനറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മുംബൈയിലെ വിവിധ പെട്രോള്‍ പമ്പുകളിലും റോഡരികിലും ഇത്തരം പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. കൂടാതെ, 2014 ലും 2021 ലും ഉള്ള പെട്രോള്‍, ഡീസല്‍, LPG നിരക്കുകളും ബാനറുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പെട്രോള്‍ വില 100 കടന്നതില്‍ BJPആഘോഷിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി അതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിന് നല്കി. മുന്‍ സര്‍ക്കാരുകള്‍ ഊജ്ജ ഇറക്കുമതിയെ ആശ്രയിച്ചിരുന്നില്ലെങ്കില്‍ നമ്മുടെ മധ്യവര്‍ഗത്തിന് ഇപ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകുമായിരുന്നില്ല എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എണ്ണ ശേഖരണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ഇന്ത്യന്‍ ഓയില്‍, ഒഎന്‍ജിസി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയും എന്നിവ നിര്‍മ്മിച്ചു. എന്നാല്‍ ഇവയെല്ലാം മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി വിറ്റു തുലയ്ക്കുകയാണെന്നും മുഖപ്രസംഗത്തിലൂടെ ശിവസേന ആരോപിക്കുന്നു.