ബംഗളൂരു ലഹരിക്കടത്ത് കേസ് ; കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തില്ല

ബംഗളൂരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ക്കാതെ കുറ്റപത്രം സമര്‍പ്പിച്ചു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് പ്രതിയല്ല. എന്നാല്‍ ലഹരി ഇടപാടിലൂടെ ബിനീഷ് കോടികള്‍ സമ്പാദിച്ചുവെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിലുള്ളത്. ബംഗളൂരു ലഹരിക്കടത്ത് കേസ് അന്വേഷിക്കുന്ന ഏജന്‍സികള്‍ രണ്ട് തട്ടിലാണ്. ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ക്കാതെയാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ലഹരിമരുന്ന് ഇടപാടിലൂടെ ബിനീഷ് കോടികള്‍ സമ്പാദിച്ചെന്നും ബിനാമികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍.

കന്നട സീരിയല്‍ നടി അനിഘയാണ് എന്‍.സി.ബി രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാംപ്രതി. ബിനീഷിന്റെ സുഹൃത്ത് മുഹമ്മദ് അനൂപ്, റിജേഷ് രവിന്ദ്രന്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷിനെ എന്‍.സി.ബിയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇ.ഡിയുടേയും എന്‍.സി.ബിയുടേയുംകുറ്റപത്രങ്ങള്‍ കോടതിയുടെ പരിഗണനയിലാണുള്ളത്.ജാമ്യാപേക്ഷ വീണ്ടും തള്ളിയ സാഹചര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷ്. രണ്ട് കുറ്റപത്രങ്ങളിലെയും വൈരുധ്യങ്ങള്‍ കോടതിയില്‍ ഉന്നയിക്കാനാണ് നീക്കം. എന്നാല്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും നിര്‍ണ്ണായക കണ്ടെത്തലുകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.