അതിശൈത്യം ; നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞു
അതിശൈത്യം പിടിമുറുക്കിയതോടെ ലോക പ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്രാ വെള്ളച്ചാട്ടം തണുത്തുറഞ്ഞു. വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളും തണുത്തുറഞ്ഞ് ഐസ് രൂപത്തിലായി കഴിഞ്ഞു. മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്ക് താപനില താഴ്ന്നതാണ് ജലം ഐസ് ആയി മാറാന്‍ കാരണമായത്. ഐസ് കട്ടകള്‍ വെള്ളച്ചാട്ടത്തിനൊപ്പം താഴേക്ക് പതിക്കുന്നതോടെ മൂടല്‍ മഞ്ഞ് പരന്ന് മഴവില്‍ നിറങ്ങള്‍ പ്രതിഫലിക്കുന്നു. അതേസമയം അതി ശൈത്യത്തിലും മനോഹരമായ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ സഞ്ചാരികളുടെ ഒഴുക്കാണ്.
നയാഗ്രയുടെ ചുറ്റുപാടുകള്‍ ശൈത്യകാല അത്ഭുതലോകമായി മാറിക്കഴിഞ്ഞു. നദിയുടെ കരയിലും വെള്ളച്ചാട്ടത്തിന്റെ വശങ്ങളിലും സമീപമുള്ള മരങ്ങളിലുമെല്ലാം മഞ്ഞു കൂനകള്‍ രൂപപ്പെട്ടു. നയാഗ്ര വെള്ളച്ചാട്ടം വിസ്മയമായി തോന്നുമെങ്കിലും അമേരിക്കയില്‍ രൂപപ്പെട്ടിട്ടുള്ള അതിശൈത്യത്തിന്റെ ഭീകരാവസ്ഥയാണ് ഇത് ഓര്‍മ്മപ്പെടുത്തുന്നത്. വെള്ളച്ചാട്ടത്തിനു സമീപമുള്ള ഒന്റാറിയോ, എറി എന്നീ തടാകങ്ങളും ഐസ് മൂടിയ നിലയിലാണ്. ശീതക്കാറ്റ് വീശി അടിക്കുന്നതിനാലാണ് അമേരിക്കയുടെ പലഭാഗങ്ങളിലും അതിശൈത്യം അനുഭവപ്പെടാന്‍ കാരണം. കഴിഞ്ഞ ആഴ്ചയില്‍ ശീത കാറ്റ് വീശിയടിച്ചത് മൂലം അമേരിയ്ക്കയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ 10 ഇഞ്ച് വരെ മഞ്ഞു വീഴ്ച അനുഭവപ്പെട്ടു. ഒസ്വീഗോ ,ലൂയിസ് , ജെഫര്‍സണ്‍ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളിലായി ആറു ഇഞ്ച് വരെ മഞ്ഞു വീഴ്ചയുണ്ടാകാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പല ഇടങ്ങളിലും ജലക്ഷാമം രൂക്ഷമാണ്.