പയ്യന്നൂരില്‍ കമിതാക്കളുടെ ആത്മഹത്യ ; യുവതിയെ വിളിച്ച് വരുത്തി മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാകാം എന്ന് പോലീസ്
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട കമിതാക്കള്‍ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ സംഭവത്തെക്കുറിച്ചുളള ദുരൂഹതയും വര്‍ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പയ്യന്നൂര്‍ നഗര മധ്യത്തിലെ വാടക കെട്ടിടത്തില്‍ കാസര്‍കോഡ് വെസ്റ്റ് എളേരി തട്ടിലെ വി.കെ ശിവ പ്രസാദിനെയും പയ്യന്നൂര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനി ഏഴിലോട് പുറച്ചേരിയിലെ ആര്യയെയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി ആര്യയും ചൊവ്വാഴ്ച പുലര്‍ച്ചെ ശിവപ്രസാദും മരണത്തിന് കീഴടങ്ങി.
ഇരുവരും തമ്മില്‍ നാല് വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മറ്റൊരു യുവാവുമായി ഈ മാസം 21 ന് വീട്ടുകാര്‍ ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വെളളിയാഴ്ച പരീക്ഷ എഴുതാനായി കോളേജില്‍ എത്തിയ ആര്യയെ സുഹൃത്തിന്റെ കാറിലെത്തിയ ശിവപ്രസാദ് താമസ സ്ഥലത്തേക്ക് കൂട്ടി പോവുകയായിരുന്നു. ഒന്നിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ മരണത്തിലെങ്കിലും ഞങ്ങള്‍ ഒന്നാകട്ടെയെന്നും മൃതദേഹങ്ങള്‍ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ ഒരു കത്ത് സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നില അതീവ ഗുരുതരമായതിനാല്‍ പൊലീസിന് ഇരുവരുടെയും മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ അബോധാവസ്ഥയിലാകും മുന്‍പ് താന്‍ ചതിക്കപ്പെട്ടെന്ന് യുവതി ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതാണ് സംഭവത്തില്‍ ദുരൂഹതക്ക് ഇടയാക്കുന്നത്. തന്ത്രപൂര്‍വ്വം താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം ശിവ പ്രസാദ് ആര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.തുടര്‍ന്ന് ശിവ പ്രസാദും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാകാമെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ യുവതി തയ്യറായതാകാം ആത്മഹത്യക്ക് പിന്നില്‍ എന്ന് പോലീസ് സംശയിക്കുന്നു.