ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് സംസ്ഥാനത്തെ അറിയിച്ചിരുന്നു എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ എം.ഒ.യു ഒപ്പുവച്ച അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് അമേരിക്കയിലെ കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നെന്നും വി മുരളീധരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി നാലു മാസത്തിനു ശേഷമാണ് കേരള സര്‍ക്കാര്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

കമ്പനിയെക്കുറിച്ചുള്ള വിശദാംശം അന്വേഷിച്ച് നല്‍കിയ കത്തിന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 2019 ഒക്ടോബര്‍ മാസം 21നാണ് മറുപടി നല്‍കിയത്. ഇഎംസിസിയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സ്ഥാപനത്തില്‍നിന്ന് ഒരു മറുപടിയും കിട്ടിയില്ലെന്നും കോണ്‍സുലേറ്റ് അറിയിച്ചു. കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയില്‍ അതിനെ പരിഗണിക്കാനാകില്ലെന്നും കോണ്‍സുലേറ്റ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നെന്ന് വി മുരളീധരന്‍ പറഞ്ഞു.

കോണ്‍സുലേറ്റ് കൈമാറിയ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയതിനു ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റില്‍ വച്ച് ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിടുന്നത്. വിലാസത്തില്‍ പ്രവര്‍ത്തിക്കാത്ത, രജിസ്ട്രേഷന്‍ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇതു ചെയ്തതെന്നും മുരളീധരന്‍ പറഞ്ഞു. ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാലാണ് ഇ.എം.സി.സിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്നു കണ്ടെത്തിയതെന്നാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ച കത്ത് പരസ്യപ്പെടുത്തിയത്.

അതേസമയം വ്യാജ കമ്പനിയെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ആരോപണം തള്ളി ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രസ്താവനയാണ് മന്ത്രിയുടെത്. എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ട്. പദ്ധതിയെ കുറിച്ച് കോണ്‍സുലേറ്റിനോട് സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസിഡന്റ് പറയുന്നു. കമ്പനിയെ അപമാനിക്കുന്നതിനെ കുറിച്ച് കോണ്‍സുലേറ്റിനെ അറിയിക്കുന്നതാണ്. എല്ലാ കാര്യങ്ങളെയും അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയെ കണ്ടതിന് ശേഷമാണ് കേന്ദ്രമന്ത്രിയെ കണ്ടത്. പദ്ധതിയെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതൊരു ഗ്രൂപ്പ് ഓഫ് കമ്പനീസാണ്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വ്യാജപ്രചാരണങ്ങള്‍ ശരിയല്ല. കമ്പനിയെ താറടിക്കുന്ന പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു.