കൊറോണ വൈറസ് ചോര്‍ന്നത് വുഹാന്‍ ലാബില്‍ നിന്ന് ; ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍
ലോകത്തിനു ഭീഷണിയായി മാറിയ കൊറോണ വൈറസ് ചോര്‍ന്നത് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് തന്നെയെന്ന് ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍. കൊറോണ വൈറസ് മഹാമാരിയുടെ തുടക്കം മുതല്‍ ചര്‍ച്ചയായിട്ടുള്ള കാര്യമാണ് ചൈനയുടെ ചില ഗൂഡാലോചന സിദ്ധാന്തങ്ങള്‍. ചില ശാസ്ത്രജ്ഞര്‍ കൊറോണ വൈറസ് രോഗത്തിന്റെ ഉത്ഭവത്തെക്കുറിച്ചും കൊവിഡ് -19 നെക്കുറിച്ചും ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ കൊറോണ വൈറസ് മഹാമാരി മനുഷ്യനിര്‍മ്മിതമാണെന്ന സിദ്ധാന്തത്തിന്റെ ശക്തമായ വിശ്വാസിയാണ് ഹാംബര്‍ഗ് സര്‍വകലാശാലയിലെ ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ഡോ. റോളണ്ട് വീസെന്‍ഡെയ്ന്‍ജര്‍.
വുഹാനിലെ ഒരു ഗവേഷണ ലാബില്‍ നിന്ന് കൊറോണ വൈറസ് ചോര്‍ന്നതിന്റെ കാരണങ്ങള്‍ പട്ടികപ്പെടുത്തി 105 പേജുള്ള ഒരു രേഖയും ഇദ്ദേഹം പ്രസിദ്ധീകരിച്ചു. വൈറസിന്റെ ചോര്‍ച്ചയ്ക്ക് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയെ (ഡബ്ല്യുഐവി) ഇദ്ദേഹം കുറ്റപ്പെടുത്തി. കൊറോണ വൈറസിന് പ്രകൃതിദത്തമായ ഒരു വാഹകനും ഇല്ലെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഒരു ലാബിലാണ് വൈറസ് സൃഷ്ടിക്കപ്പെട്ടതെന്ന് സംശയിക്കുന്നതായും ശാസ്ത്രഞ്ജന്‍ പറയുന്നു. വൈറസുകളെ മനുഷ്യര്‍ക്കിടയില്‍ വേഗത്തില്‍ വ്യാപിക്കാന്‍ പ്രാപ്തമാക്കിയതില്‍ അവിടത്തെ ഗവേഷകര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ തന്റെ അവകാശവാദത്തിന് ശാസ്ത്രീയ തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയിട്ടില്ല. മറിച്ച് സംശയാസ്പദമെന്ന് കരുതുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ വാദങ്ങള്‍ നടത്തിയിരിക്കുന്നത്.
ലാബ് ചോര്‍ച്ചയ്ക്കുള്ള സാധ്യത വളരെ കുറവാണെന്ന് അടുത്തിടെ ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരുന്നു. കൊറോണ വൈറസ് പ്രകൃതിയില്‍ നിന്ന് തന്നെ പരിണമിച്ചതാണെന്നതിന് ചില തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള അവകാശവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ കൊറോണ വൈറസ് ലബോറട്ടറിയില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് തനിക്ക് 99.9 ശതമാനം ഉറപ്പുണ്ടെന്ന് വീസെന്‍ഡെയ്ന്‍ജര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊറോണ വൈറസ് വാഹകരായ വവ്വാലുകള്‍ മോജിയാങ് ഗുഹകളില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് വുഹാനില്‍ നിന്ന് 1,200 മൈല്‍ അകലെയുള്ളതിനാല്‍, വവ്വാലുകള്‍ വഴി പകര്‍ന്നതാണ് വൈറസുകളെന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഡബ്ല്യുഐവി ശാസ്ത്രജ്ഞര്‍ ഗുഹകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ കൊണ്ടുവന്നതായി അദ്ദേഹം അവകാശപ്പെടുന്നു. പിന്നീട്, മനുഷ്യരില്‍ അതിവേഗം പകരുന്നതിന് വൈറസിനെ തയ്യാറാക്കിയതായും ലാബിലെ തെറ്റായ സുരക്ഷാ നടപടികള്‍ പിന്നീട് ചോര്‍ച്ചയ്ക്ക് കാരണമായതായും ജര്‍മ്മന്‍ ശാസ്ത്രഞ്ജന്‍ പറയുന്നു.