വധശിക്ഷക്ക് തൊട്ടു മുന്‍പ് ഹൃദയാഘാതം മൂലം മരണം ; മൃതദേഹം തൂക്കിലേറ്റി നിയമം നടപ്പിലാക്കി
ഇറാനിലാണ് സംഭവം. വധശിക്ഷ കാത്തു നില്‍ക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ച യുവതിയുടെ മൃതദേഹം തൂക്കിലേറ്റി. സ്വന്തം ഭര്‍ത്താവിനെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട സഹ്റ ഇസ്മയില്‍ എന്ന യുവതിയാണ് വധശിക്ഷയ്ക്ക് തൊട്ടു മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചത്. നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭരണകൂടം മൃതദേഹം തൂക്കിലേറ്റുകയായിരുന്നു.മകളോടും തന്നോടുമുള്ള ഭര്‍ത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കവയ്യാതെയാണ് സഹ്റ കൊലപാതകം നടത്തിയത്. ഇതിന് പിന്നാലെ സഹ്റയെ ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചു.
ശരിയത്ത് നിയമമായ ക്വിസാസ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ നടപ്പാക്കുമ്പോള്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ക്ക് ശിക്ഷ നടത്തിപ്പില്‍ പങ്കാളിയാകാന്‍ അവകാശമുണ്ട്. സഹ്റയുടെ ഭര്‍തൃമാതാവിന് ഇതിനുള്ള അവകാശം നിഷേധിക്കപ്പെടാതിരിക്കാനാണ് മൃതദേഹം തൂക്കിലേറ്റിയത്. മൃതദേഹം തൂക്കിലേറ്റിയപ്പോള്‍ കാലിന് ചുവട്ടിലെ കസേര വലിച്ചു നീക്കിയത് ഭര്‍തൃ മാതാവായിരുന്നു. സഹ്റയ്ക്കൊപ്പം തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട മറ്റ് പതിനാറ് പേരുടെ ശിക്ഷ നടപ്പാക്കുന്നതിനിടെയാണ് യുവതിക്ക് ഹൃദയാഘാതം സംഭവിച്ചത്.