കച്ചവടം ഇല്ല ; മദ്യത്തിന്റെ വില കുറയ്ക്കാന്‍ ശുപാര്‍ശ

കച്ചവടം കുറഞ്ഞതിനെ തുടര്‍ന്ന് മദ്യത്തിന്റെ വില കുറയ്ക്കാന്‍ ശുപാര്‍ശ. ബിവറേജസ് കോര്‍പ്പറേഷനാണ് ധനകാര്യ വകുപ്പിന് ശുപാര്‍ശ നല്‍കിയത്. തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ 35 ശതമാനം സെസ് ഒഴിവാക്കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ ധനകാര്യ വകുപ്പിനു ശുപാര്‍ശ നല്‍കി. അടുത്ത മന്ത്രിസഭായോഗം ശുപാര്‍ശ പരിഗണിക്കും. മദ്യത്തിനു വില കൂടിയതിനാല്‍ ചില്ലറ വില്‍പ്പന ശാലകളില്‍ വില്‍പ്പന കുറഞ്ഞുവെന്നും ബാറുകളില്‍ വില്‍പ്പന കൂടിയെന്നും ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം.

ഇതു അംഗീകരിച്ചാല്‍ മദ്യവിലയില്‍ 30 രൂപ മുതല്‍ 100 രൂപ വരെ കുറവുണ്ടാകും. നിലവില്‍ ഓഗസ്റ്റ് വരെയാണ് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മാസമാണ് സംസ്ഥാനത്തെ മദ്യവില കൂട്ടാന്‍ തീരുമാനമായത്. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം. 20 ശതമാനം മുതല്‍ 30 ശതമാനം വരെ വില കൂട്ടണമെന്നാവശ്യം. വില ഏഴു ശതമാനം വര്‍ധിപ്പിക്കാനാണ് ബെവ്കോയുടെ തീരുമാനം. വില വര്‍ധിപ്പിക്കാന്‍ ബെവ്കോ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.