പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത് ബി ജെ പി സെറ്റ് ചെയ്ത അജണ്ട ; വി മുരളീധരന്‍
ബി ജെ പി മുന്നോട്ടു വെക്കുന്ന അജണ്ട നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതര്‍ ആകുന്നു എന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ശബരിമല വിഷയത്തിലെ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വിശ്വാസികളുടെ വിജയമാണെന്നും വി മുരളീധരന്‍ പറഞ്ഞു. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ; ‘ബി ജെ പി അജണ്ട സെറ്റ് ചെയ്യുന്നു. ഏത് സര്‍ക്കാര്‍ ആയാലും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുന്നു. അങ്ങനെയൊരു സാഹചര്യം കേരളത്തില്‍ ഉരുത്തിരിയുന്നു’- സര്‍ക്കാറിന്റെ തീരുമാനം ആത്മാര്‍ഥമായി ഉള്ളതാണെങ്കില്‍ എല്ലാ കേസുകളും പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്രയും കാലമെടുത്ത സമീപനത്തില്‍ നിന്ന് മാറി കേസുകള്‍ പിന്‍വലിക്കേണ്ടി വരുന്നത് വിശ്വാസികളുടെ വിജയമാണ്. പക്ഷേ ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ എന്നൊക്കെ ചില നിബന്ധനകള്‍ വെച്ചതായാണ് കേള്‍ക്കുന്നത്. അന്ന് ഉണ്ടാക്കിയ കേസുകളെല്ലാം കെട്ടിച്ചമച്ചവയാണെന്നും മുരളീധരന്‍ പറഞ്ഞു. ആചാരലംഘനത്തിന് കൂട്ടു നില്‍ക്കുന്ന സര്‍ക്കാറിനെതിരെ പ്രതിഷേധിച്ചവരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു. പൗരത്വ സമരത്തില്‍ കേസുകളൊന്നുമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇറങ്ങി നടത്തിയ സമരമായിരുന്നു അത്. എന്നാല്‍ ശബരിമല വിഷയത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കെതിരെ കേസുകളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
അതുപോലെ ആഴക്കടല്‍ മത്സ്യ ബന്ധന വിവാദത്തില്‍ ഇ എം സി സി പ്രസിഡന്റ് ഷിജു വര്‍ഗീസുമായി ന്യൂയോര്‍ക്കില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെ താമസസ്ഥലത്ത് ദിവസവും ഇരുന്നൂറോളം പേരെ കണ്ടിട്ടുണ്ട്. പലരോടും സംസാരിച്ച കൂട്ടത്തില്‍ ഷിജുവുമായി സംസാരിച്ചോയെന്ന് ഓര്‍ക്കുന്നില്ല. ഇ എം സി സി പ്രതിനിധികളുമായി ഔദ്യോഗികമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. ചര്‍ച്ചകള്‍ നിശ്ചയിക്കുന്നത് എംബസിയാണ്, ചര്‍ച്ച നടത്തിയോയെന്ന് ആര്‍ക്ക് വേണമെങ്കിലും രേഖകള്‍ പരിശോധിക്കാമെന്നും വി മുരളീധരന്‍ വ്യക്തമാക്കി. വിദേശമന്ത്രാലയത്തിന്റെ അനുമതി വേഗത്തിലാക്കാന്‍ പദ്ധതിയുടെ വിശദാംശങ്ങളുമായി ന്യൂയോര്‍ക്കില്‍ വച്ച് വി മുരളീധരനെ സന്ദര്‍ശിച്ചിരുന്നതായി ഷിജു വര്‍ഗീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസവും ഷിജു മാധ്യമങ്ങളിലൂടെ ഇക്കാര്യം ആവര്‍ത്തിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന കരാറിലേര്‍പ്പെട്ട കമ്പനിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് സംബന്ധിച്ച് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് മന്ത്രി ഇ പി ജയരാജന്‍ നടത്തുന്നതെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥ തലത്തിലുള്ള കത്തിടപാടുകള്‍ പോലും അറിയില്ലെന്നാണ് മന്ത്രി ജയരാജന്‍ പറയുന്നതെങ്കില്‍ ജയരാജന്റെ പേര് മാറ്റിയിടാന്‍ സമയമായെന്നും മന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റവാളികളായ മുഴുവന്‍ പേരും അറസ്റ്റിലാകും. അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്നത് കുപ്രചരണമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നാണ് പ്രചാരണം. പിണറായി എന്നല്ല രാജ്യ താത്പര്യത്തിന് ഹാനികരമായ നിലപാട് എടുക്കുന്ന ആരുമായും ഒത്തുതീര്‍പ്പുണ്ടാക്കുന്ന ആളല്ല ഭാരതത്തിന്റെ പ്രധാനമന്ത്രി. കേരളത്തിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്രകൊണ്ട് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.