സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സ്വവര്‍ഗ വിവാഹത്തിന് കോടതികള്‍ക്ക് നിയമ പരിരക്ഷ നല്‍കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തിയത്.

സ്വവര്‍ഗ വിവാഹത്തിന് പരിമിതികളുണ്ട്. സ്വവര്‍ഗ വിവാഹം അനുചിതമാണ്. സ്വവര്‍ഗ വിവാഹത്തിന് പരിരക്ഷ നല്‍കുന്ന നിയമങ്ങളോ ചട്ടങ്ങളോ ഭരണഘടനയിലില്ല. പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങള്‍ അതേപടി അനുകരിക്കുന്നതല്ല ഇന്ത്യന്‍ ഭരണഘടന. സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കാന്‍ കോടതികള്‍ക്ക് സാധിക്കില്ലെന്നും നിയമ നിര്‍മ്മാണ സഭയാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സ്വവര്‍ഗ വിവാഹം നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സ്വവര്‍ഗ വിവാഹം മൗലിക അവകാശമായി ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ല. ഒരേ ലിംഗത്തില്‍ ഉള്ളവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്നതായും കേന്ദ്രം അറിയിച്ചു.നിയമ നിര്‍മ്മാണത്തിന്റെ സാധുത പരിഗണിക്കുമ്പോള്‍ സാമൂഹിക ധാര്‍മ്മികത പ്രധാനമാണ്. നമ്മുടെ രാജ്യത്ത് പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹ ബന്ധത്തിന് നിയമപരമായ അംഗീകാരമുണ്ട്. വിവാഹ സമയത്തെ ആചാരങ്ങള്‍, സമ്പ്രദായങ്ങള്‍, തുടങ്ങിയവ തീരുമാനിക്കാനുളള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.