കൊല്ലം ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും

ഒന്നര വര്ഷം മുന്‍പ് ഉത്ഘാടനം കഴിഞ്ഞ കൊല്ലം ബൈപ്പാസില്‍ നാളെ മുതല്‍ ടോള്‍ പിരിവ് തുടങ്ങും. രാവിലെ എട്ട് മണി മുതല്‍ ടോള്‍ പിരിക്കാനാണ് കമ്പനി തീരുമാനം. ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് ടോള്‍ പിരിവ് തുടങ്ങുന്നത്. വാട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണ കൂടത്തെ കമ്പനി അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ ജില്ലാഭരണകൂടത്തെ അറിയിച്ചു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ടോള്‍ പിരിവ് തുടങ്ങുന്നത് എന്നതും ശ്രദ്ധേയം. ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ദേശീയപാത അതോറിറ്റിക്കാണ് കത്തയച്ചത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് കത്തയച്ചത്. ഈ കത്ത് പരിഗണിക്കാതെയാണ് നാളെ ടോള്‍ പരിവ് ആരംഭിക്കാന്‍ തീരുമാനിച്ചത്.