സമൂഹ മാധ്യമങ്ങള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും സെന്‍സറിങ് ; പുതിയ മാര്‍ഗരേഖയുമായി കേന്ദ്രം
സമൂഹ മാധ്യമങ്ങള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും പൂട്ടിട്ടു കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കുണ്ടാകും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു. സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്നിവ പരാതി ലഭിച്ച് 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രകോപനപരമായ പോസ്റ്റുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കുന്നതും വിലക്കി.
‘ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും’ ബാധിക്കുന്നതും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്നതുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള കോഡ് ഓഫ് എത്തിക്‌സ് കൊണ്ടുവന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. വിവിധ മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെയാണ് കോഡ് ഓഫ് എത്തിക്‌സ് രൂപപ്പെടുത്തിയതും നടപ്പിലാക്കുന്നതും.കോടതികള്‍, സര്‍ക്കാര്‍ എന്നിവരില്‍ ആരുടെയെങ്കിലും നിര്‍ദേശം ലഭിച്ചാല്‍ സന്ദേശം ആദ്യം അയച്ച ആളുടെ വിശദാംശങ്ങള്‍ സോഷ്യല്‍മീഡിയ സൈറ്റുകള്‍ പുറത്തുവിടണം. വാട്ട്സ്ആപ്പ്, സിഗ്‌നല്‍ എന്നിവ പോലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമുകളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന് വിരുദ്ധമായ പ്രമുഖ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നിയമങ്ങളും നിര്‍ബന്ധമാക്കുന്നുണ്ട്.
ഒ.ടി.ടിയെ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് സമൂഹത്തില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കൊണ്ട് വരുന്നതെന്ന് മന്ത്രി പറഞ്ഞു. ഒ.ടി.ടിയില്‍ വരുന്ന എല്ലാ ഉള്ളടക്കങ്ങളുടേയും വിശദാംശങ്ങള്‍ നല്‍കണം. കോടതിയോ സര്‍ക്കാര്‍ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമില്‍ ആദ്യം സന്ദേശമയച്ച ഉപയോക്താവിനെ വെളിപ്പെടുത്തണം. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ത്രിതല സംവിധാനവും നിലവില്‍ വരും. പരാതി പരിഹാരത്തിനായി ഇന്ത്യയില്‍ നിന്നുള്ള ഓഫീസറെ ഓരോ കമ്പനിയും ചുമതലപെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
ചുരുങ്ങിയത് നാല്‍പ്പതോളം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും നൂറില്‍പ്പരം വാര്‍ത്ത സൈറ്റുകളുമാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ലൈംഗികത പ്രകടമാകുന്നവ എന്നീ ഉള്ളടക്കങ്ങളിലാണ് നിയന്ത്രണം ബാധകമാവുക. ഇക്കാര്യം ഉപയോക്താവിനെ അറിയിക്കാന്‍ കമ്പനിയോട് ആവശ്യപ്പെടും. ഉള്ളടക്കം അനുസരിച് പരിപാടിയെ അഞ്ചായി തരം തിരിക്കും. കമ്പനികള്‍ക്ക് ഒരു പ്രശ്‌നപരിഹാര സംവിധാനം ഉണ്ടായിരിക്കണം. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യുകയും 15 ദിവസത്തിനകം അത് തീര്‍പ്പാക്കുകയും വേണമെന്നും വാര്‍ത്താവിതരണം മന്ത്രാലയം അറിയിച്ചു.