വിദേശരാജ്യങ്ങളില്‍ നിന്ന് തിരികെ എത്തുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് സൗജന്യം

വിദേശ രാജ്യങ്ങളില്‍ നിന്ന് തിരികെ എത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവര്‍ കേരളത്തില്‍ വീണ്ടും സ്വന്തം ചെലവില്‍ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമായിരുന്നു. 72 മണിക്കൂര്‍ ഇടവേളയില്‍ രണ്ടാമതും പരിശോധന നടത്തേണ്ട സാഹചര്യം. അതും ഒരു പരിശോധനയ്ക്ക് 1700 രൂപ നിരക്കില്‍ നല്‍കുകയും വേണം. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് പരിശോധന സൗജന്യമാക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത് ഈ ദിവസങ്ങളില്‍ കോവിഡ് കേസുകളില്‍ 31 ശതമാനം വര്‍ദ്ധനവുണ്ടായി. ഈ സാഹചര്യത്തില്‍ പരിശോധന ഒഴിവാക്കാനാകില്ല. ജനതിക മാറ്റം വന്ന വൈറസ് വാഹകരാണൊ എന്ന കാര്യം അറിയാനും ആര്‍ടിപിസിആര്‍ പരിശോധന തന്നെ വേണം. എന്നാല്‍ പരിശോധന ചെലവ് സര്‍ക്കാര്‍ വഹിക്കും. എല്ലാ വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും സൗജന്യ കോവിഡ് ടെസ്റ്റ് നടത്തും. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്യുന്ന വ്യക്തികളുടെ പരിശോധന ചെലവ് ആരോഗ്യവകുപ്പ് തന്നെ വഹിക്കും.

കൂടാതെ എയര്‍പോര്‍ട്ടുകളില്‍ സ്വകാര്യ മൊബൈല്‍ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് സൗകര്യമൊരുക്കും. പരിശോധന ഫലം 24 മണിക്കൂറില്‍ ലഭ്യമാക്കും. 448 രൂപക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്താനാണ് കരാര്‍. ഈ തുക ആരോഗ്യവകുപ്പ് സ്വകാര്യ കമ്പനിയ്ക്ക് കൈമാറും. മൂന്ന് മാസത്തേയ്ക്കാണ് സ്വകാര്യ മൊബൈല്‍ ലാബുകളുമായുള്ള കരാര്‍. എയര്‍പോര്‍ട്ടിലെ പരിശോധനയ്ക്ക് അടക്കം മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചു. പരിശോധന സംവിധാനം പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇത് പരിശോധിക്കാന്‍ പ്രത്യാക ടീമിനെയും നിയോഗിക്കും. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ വരുന്നതോടെ സ്വകാര്യ ലാബുകളുടെ ചൂഷണം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്. 1700 രൂപയാണ് സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്.

കേരളത്തിലെ 4 വിമാനത്താവളങ്ങളിലും വിദേശരാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കേന്ദ്ര നിര്‍ദേശപ്രകാരം ആര്‍ടിപിസിആര്‍ പരിശോധന തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് എത്തുന്നവരില്‍നിന്ന് എതിര്‍പ്പുയരുകയും ചെയ്തിരുന്നു. വിദേശത്തുനിന്ന് പരിശോധനയ്ക്ക് ശേഷം കോവിഡ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ വീണ്ടും പണം നല്‍കി പരിശോധനയ്ക്കു വിധേയരാകേണ്ടിവരുന്നതാണ് എതിര്‍പ്പിനിടയാക്കിയത്.