സര്‍വകലാശാല ലൈബ്രറി രണ്ടു ദിവസത്തേക്ക് അടച്ചു ; കാരണമായത് മൂന്ന് ചിലന്തികള്‍
മിഷിഗണിലെ ഒരു സര്‍വകലാശാലയിലാണ് സംഭവം. സര്‍വകലാശാലയിലെ ലൈബ്രറി രണ്ടു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കാരണം, വേറൊന്നുമല്ല. ബേസ്‌മെന്റില്‍ മൂന്ന് വിഷച്ചിലന്തികളെ സര്‍വകലാശാല അധികൃതര്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല ലൈബ്രറി അടച്ചിട്ടത്.
ആന്‍ ആര്‍ബറിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഷാപിറോ അണ്ടര്‍ ഗ്രാജുവേറ്റ് ലൈബ്രറിയിലാണ് ജനുവരി അവസാനം മൂന്ന് വിഷച്ചിലന്തികളെ കണ്ടെത്തിയതെന്ന് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ഇതിനെ തിരിച്ചറിയുന്നതിനായി പ്രൊഫസര്‍ ആന്‍ ഡാനീല്‍സണ്‍ – ഫ്രാങ്കോയിസിന് അയയ്ക്കുകയായിരുന്നു. ഇത് മെഡിറ്ററേനിയന്‍ റെക്ലസ് വിഷച്ചിലന്തികളാണെന്ന് ഡാനീല്‍സണ്‍ – ഫ്രാങ്കോയിസ് പറഞ്ഞു. സാധാരണ യാത്രക്കാരുടെ കൂടെ പോകുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. 22 സംസ്ഥാനങ്ങളില്‍ ഈ ചിലന്തിയെ കണ്ടു വരുന്നുണ്ട്. എന്നാല്‍, ഇത് ആദ്യമായാണ് മിഷിഗണില്‍ ഇത്തരത്തിലുള്ള ചിലന്തിയെ കണ്ടെത്തുന്നതെന്ന് ചിലന്തിയെ പരിശോധിച്ച ഡാനീല്‍സണ്‍ – ഫ്രാങ്കോയിസ് പറഞ്ഞു.
അതേസമയം, ചിലന്തികള്‍ ലൈബ്രറിയുടെ ബേസ്‌മെന്റില്‍ കൂടു കൂട്ടിയിരിക്കാമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. വിഷച്ചിലന്തിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ശുചീകരിക്കുന്നതിനായി ലൈബ്രറി ഞായറാഴ്ചയും തിങ്കളാഴ്ചയും അടച്ചിട്ടിരിക്കുകയാണ്. ചിലന്തികള്‍ വിഷമുള്ളവയാണെന്നും എന്നാല്‍ ലൈബ്രറി പോലുള്ള തുറന്ന സ്ഥലത്ത് അത് ആരെയെങ്കിലും കടിക്കാന്‍ സാധ്യതയില്ലെന്നും ഡാനീല്‍സണ്‍ – ഫ്രാങ്കോയിസ് പറഞ്ഞു. ഈ ചിലന്തികള്‍ക്ക് വലിയ അളവില്‍ വിഷമില്ലെന്നും ഇത് മാംസം ഭക്ഷിക്കുന്നതാണെന്നും അവര്‍ ഡബ്ല്യു ജെ ബി കെ – ടി വിയോട് പറഞ്ഞു.