ആദ്യ മകളുടെ ചികിത്സയ്ക്കായി ഇളയ മകളെ പതിനായിരം രൂപയ്ക്ക് മാതാപിതാക്കള്‍ വിറ്റു

ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കോട്ടൂരിലാണ് സംഭവം. പതിനാറു വയസുകാരിയായ മകളുടെ ചികിത്സയ്ക്കായി 12 വയസുകാരിയായ മകളെ മാതാപിതാക്കള്‍ അയല്‍ക്കാരന് വില്‍ക്കുകയായിരുന്നു. 10,000 രൂപയ്ക്കാണ് 12 വയസുകാരിയെ മാതാപിതാക്കള്‍ വിറ്റത്. ബുധനാഴ്ചയാണ് സംഭവം നടന്നത്. എന്നാല്‍ വ്യാഴാഴ്ച രാത്രിയോടെയാണ് നാട്ടുകാര്‍ വിവരം പുറത്തറിയുന്നത്.

സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ രക്ഷിച്ചു. ചിന്ന സുബ്ബയ്യ എന്ന നാല്‍പത്തിയാറുകാരനാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വിറ്റത്. പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിച്ചുവെന്നാണ് ചിന്ന സുബ്ബയ്യ പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യ ചെയ്തുവരികയാണ്. ദിവസ വേതനക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ചിന്ന സുബ്ബയ്യയുടെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയതാണെന്ന് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ജില്ലാ ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. വിവരം അറിഞ്ഞ പ്രദേശവാസികള്‍ ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സര്‍വീസസില്‍ ( ഐസിഡിഎസ്) വിവരം അറിയിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.