പ്രധാനമന്ത്രിയെ കൊണ്ട് രാജ്യത്തിന് പ്രയോജനമില്ലെന്ന് പറയാനാകില്ല ; രാഹുല്‍ ഗാന്ധി

രാജ്യത്ത് പ്രധാനമന്ത്രിയെ കൊണ്ട് ഉപയോഗമുള്ളവരുണ്ടെന്നും, എന്നാല്‍ അതില്‍ എല്ലാ തരം ജനങ്ങളും ഉള്‍പ്പെടുന്നില്ലെന്നും രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയെ കൊണ്ട് പ്രയോജനം വല്ലതുമുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ ആര്‍ക്കെല്ലാമാണ് പ്രധാനമന്ത്രിയെ കൊണ്ട് പ്രയോജനമുള്ളതെന്നാണ് നമ്മള്‍ ചോദിക്കേണ്ടത്. ‘ഹം ദോ ഹമാരേ ദോ’ (നാം രണ്ട്, നമ്മുടെ രണ്ട്) എന്നാണ് മോദി – ഷാമാരുടെ ആപ്തവാക്യം. അദ്ദേഹത്തെ ഉപയോഗപ്പെടുത്തുന്നവരുടെ സമ്പാദ്യം കുതിച്ചുയരുമ്പോള്‍, പാവപ്പെട്ടവര്‍ക്ക് ഒന്നും കിട്ടുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ചൈനയുടെ കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ഭയമാണുള്ളത്. ഘട്ടം ഘട്ടമായി ചൈന അതിര്‍ത്തി കയ്യേറുകയാണ് ഉണ്ടായത്. ഞാന്‍ തറപ്പിച്ച് പറയുന്നു, അതിര്‍ത്തിയില്‍ ഇന്ത്യക്ക് നഷ്ടമായ ഭാഗങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തിരിച്ചു കിട്ടാന്‍ പോകുന്നില്ല രാഹുല്‍ ഗാന്ധി പറഞ്ഞു. പല നയതന്ത്ര മേഖലകളും ചൈനയുടെ കയ്യിലാണ്. ആദ്യം ദോഖ്ലാമില്‍ കടന്ന ചൈന, ഇന്ത്യയുടെ പ്രതികരണം എവ്വധമായിരിക്കുമെന്നറിയാന്‍ കാത്തുനിന്നു. പ്രതികരണമൊന്നും ഇല്ലാ എന്ന് മനസ്സിലാക്കിയത് മുതലാണ് ലഡാക്കിലും അരുണാചലിലുമെല്ലാം കടന്നു കയറ്റം ഉണ്ടായതെന്നും രാഹുലിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. എല്ലാം പരിഹരിച്ചു എന്ന തരത്തില്‍ പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും രാജ്യത്തിന് ഭൂമി നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ്. ആസൂത്രിതമായ ആക്രമണങ്ങളിലൂടെ ആണ് ജനാധിപത്യത്തെ ആര്‍എസ്എസ് അട്ടിമറിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയും മാധ്യമ സ്ഥാപനങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ആക്രമിക്കുകയുമാണ് ആര്‍എസ്എസും സംഘവുമെന്നും രാഹുല്‍ പറഞ്ഞു.
തൂത്തുക്കുടിയിലെ വിഒസി കോളജില്‍ രൂക്ഷവിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരെ ഉന്നയിച്ചത്. ഒരു രാഷ്ട്രം അതിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയിലാണ് നിലനില്‍ക്കുന്നത്. അത് ഇന്ത്യയില്‍ നഷ്ടപ്പെട്ടിരിക്കുന്നു. സന്തുലിതാവസ്ഥ നഷ്ടമായതിനാല്‍ രാഷ്ട്രം അസ്വസ്ഥമാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലോക്സഭ, നിയമസഭ, പഞ്ചായത്തുകള്‍ പിന്നെ ജുഡീഷ്യറി, സ്വതന്ത്ര മാധ്യമങ്ങള്‍ ഇതൊക്കെ രാജ്യത്ത് ആക്രമിക്കപ്പെടുകയാണ്.

കഴിഞ്ഞ ആറ് വര്‍ഷമായി ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരായ ആസൂത്രിതമായ ആക്രമണം രാജ്യത്ത് നടക്കുന്നു. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്ന് നിങ്ങളോട് പറയാന്‍ തനിക്ക് സങ്കടമുണ്ടെന്നും രാഹുല്‍ വിമര്‍ശിച്ചു. ആര്‍എസ്എസ് വന്‍തോതില്‍ ധനസമ്പാദനം നടത്തിയതായും രാഹുല്‍ ആരോപിച്ചു.