വാളയാര്‍ കേസ് ; തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ അമ്മ
വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് പീഢിക്കപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്കൊപ്പം ഡിഎച്ച്ആര്‍എം മേധാവി സലീന പ്രക്കാനം, സാമൂഹിക പ്രവര്‍ത്തകയും കവയിത്രിയുമായ ബിന്ദു കമലന്‍ എന്നിവരും തല മുണ്ഡനം ചെയ്തു. ഇവര്‍ക്ക് പിന്തുണയുമായി പാലക്കാട് എം. പി രമ്യ ഹരിദാസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവരും എത്തി.
സ്ത്രീ സുരക്ഷ എവിടെയെന്ന് സര്‍ക്കാര്‍ മറുപടി പറയട്ടെയെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. ഒരു മാസം നീണ്ട സത്യഗ്രഹ സമരത്തിനൊടുവിലാണ് സര്‍ക്കാരിനെതിരെ തലമുണ്ഡനം ചെയ്ത് അമ്മയുടെ പ്രതിഷേധം. വരും ദിവസങ്ങളില്‍ പതിനാലു ജില്ലകളിലും സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം നടത്തുമെന്നും ഇനി ഒരമ്മയ്ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുതെന്നും പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.
പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത്. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ ഇവര്‍ സത്യഗ്രഹ സമരത്തിലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ യാതൊരു ചര്‍ച്ചയും നടത്താന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് അമ്മ തലമുണ്ഡനം ചെയ്തത്. മക്കളുടെ വസ്ത്രം നെഞ്ചോട് ചേര്‍ത്തായിരുന്നു പ്രതിഷേധം.രണ്ടാമത്തെ പെണ്‍കുട്ടി മരിച്ചതിന്റെ നാലാം വാര്‍ഷികമായ മാര്‍ച്ച് നാലിന് കൊച്ചിയില്‍ 100 പേര്‍ തലമുണ്ഡനം ചെയ്യുമെന്ന് സമരസമിതി നേതാവ് സി.ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി. രമ്യ ഹരിദാസ് എംപി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതികാ സുഭാഷ്, വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
വാളയാര്‍ കേസന്വേഷിച്ച എസ്‌ഐ ചാക്കോ, ഡിവൈഎസ്പി സോജന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. എന്നാല്‍ സമരം തുടങ്ങി ഒരു മാസമായിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല എന്നു മാത്രമല്ല ഒരു ചര്‍ച്ചയ്ക്കും തയ്യാറായിട്ടില്ല. സര്‍ക്കാര്‍ അവഗണന തുടരുന്ന സാഹചര്യത്തിലായിരുന്നു തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെബ്രുവരി അഞ്ചു മുതല്‍ നിരാഹാര സമരവും നടത്തിയിരുന്നു. പൊമ്പിളെ ഒരുമെ നേതാവ് ഗോമതി, ഡി.എച്ച്.ആര്‍.എം നേതാവ് സലീന പ്രക്കാനം എന്നിവര്‍ നിരാഹാര സമരം നടത്തിയിരുന്നു. വാളയാര്‍ കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ കൂടിയായ അഡ്വ ജലജ മാധവനും നിരാഹാരം കിടന്നിരുന്നു.