ബിഹാറിനെതിരെ 8.5 ഓവറില്‍ കളി ജയിച്ച് കേരളം
വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരെ 8.5 ഓവറില്‍ കളി ജയിച്ച് കേരളം. കേരള ബാറ്റ്സ്മാന്മാര്‍ നടത്തിയ വെടിക്കെട്ടില്‍ ബിഹാര്‍ തകര്‍ന്നു. എതിരാളികള്‍ പടുത്തുയര്‍ത്തിയ 148 റണ്‍സ് എന്ന വിജയ ലക്ഷ്യം കേരളം 8.5 ഓവറില്‍ മറികടന്നു. 32 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത ഓപണര്‍ റോബിന്‍ ഉത്തപ്പ, 12 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത വിഷ്ണു വിനോദ്, ഒമ്പത് പന്തില്‍ നിന്ന് 24 റണ്‍സടിച്ച സഞ്ജു സാംസണ്‍ എന്നിവരാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. വിഷ്ണുവിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നഷ്ടമായത്.
പത്ത് സിക്സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്സ്. വിഷ്ണു വിനോദ് നാല് സിക്സറും രണ്ട് ബൗണ്ടറിയും നേടി. രണ്ട് വീതം സിക്സറും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. വിജയത്തോടെ കേരളം നോക്കൗട്ടിലെത്തി. എലീറ്റ് ഗ്രൂപ്പ് സിയില്‍ 16 പോയിന്റുമായി കേരളമാണ് ഒന്നാമത്. 9.4 ഓവര്‍ ബാക്കി നില്‍ക്കെയാണ് ബിഹാര്‍ ഓള്‍ ഔട്ടായത്.
അതുപോലെ കേരളത്തിനായി ഒരിക്കല്‍ക്കൂടി തകര്‍പ്പന്‍ പ്രകടനമാണ് പേസര്‍ ശ്രീശാന്ത് പുറത്തെടുത്തത്. നാലു വിക്കറ്റ് വീഴ്ത്തി ശ്രീയുടെ മികവിലാണ് കേരളം ബിഹാറിനെ 148 റണ്‍സില്‍ ഒതുക്കിയത്. ഒമ്പത് ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് ശ്രീയുടെ നേട്ടം. ടോസ് നേടിയ കേരളം ബിഹാറിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അഞ്ചിന് 74 എന്ന നിലയില്‍ തകര്‍ന്ന ബിഹാറിനെ ക്യാപ്റ്റന്‍ അശുതോഷ് അമനും ബാബുലുമാണ് രക്ഷിച്ചത്. ആറാം വിക്കറ്റില്‍ ഇവര്‍ അടിച്ചെടുത്ത 46 റണ്‍സാണ് ബിഹാറിനെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അശുതോഷ് 39 പന്തില്‍ നിന്ന് 18 റണ്‍സെടുത്തു പുറത്തായി. ബാബുല്‍ 64 റണ്‍സ് നേടി. യശ്വസി യാദവ് 26 പന്തില്‍ 19), സാബിര്‍ ഖാന്‍ (14 പന്തില്‍ നിന്ന് പുറത്താകാതെ 17) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.