ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥ ആരും അയച്ചു തരേണ്ട എന്ന് ജിത്തു ജോസഫ് ; വാര്‍ത്ത വ്യാജം
തന്റെ സിനിമയായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ കഥ ആരും അയച്ചുതരേണ്ടന്ന് സംവിധായകന്‍ ജീത്തുജോസഫ്. ദൃശ്യം3യുടെ കഥ അയച്ചുനല്‍കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പശ്ചാതലത്തിലായിരുന്നു സംവിധായകന്റെ മറുപടി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ദൃശ്യം 3യുടെ കഥ ആരും അയക്കേണ്ട. നിലവില്‍ ആ സിനിമയെ കുറിച്ച് ചിന്തിക്കുന്നില്ല, ഇനി ചെയ്യുകയാണെങ്കില്‍ തന്നെ മറ്റൊരാളുടെ കഥ വാങ്ങി ചെയ്യാനുദ്ദേശിക്കുന്നില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു. ജീത്തു ജോസഫിന്റെ പേരിലുള്ള ഇ-മെയില്‍ ഐഡിയാണ് പ്രചരിക്കുന്നത്. ഇതിലേക്ക് ദൃശ്യം3യുടെ കഥകള്‍ അയക്കാനും ഇഷ്ടപ്പെട്ടാല്‍ ജീത്തു സിനിമയാക്കുമെന്നുമാണ് വാര്‍ത്ത.
എന്നാല്‍ ഇ-മെയില്‍ ഐഡി ഉപയോഗിക്കുന്നത് വേറെ കഥകളായി വരുന്നവര്‍ക്കും, സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്കും വേണ്ടിയായിരുന്നുവെന്ന് ജീത്തു പറയുന്നു. പക്ഷെ ഇപ്പോള്‍ കുറേ മെയില്‍ വന്നതിനെ തുടര്‍ന്ന് ആ അക്കൗണ്ടിലേക്ക് വരുന്ന മെയിലെല്ലാം തിരിച്ച് പോകുകയാണ്. പിന്നെ ദയവ് ചെയ്ത് ദൃശ്യം 3യുടെ കഥ ആരും അയക്കേണ്ട. കാരണം ആ സിനിമ ഉടനെ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ആലോചന ഉണ്ടെങ്കില്‍ തന്നെ അത് എന്റെ കഥ വെച്ചായിരിക്കും ചെയ്യുന്നത്.- ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം ഒന്നിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ഓണ്‍ലൈന്‍ ആയിട്ടാണ് റിലീസ് ആയത്. മികച്ച അഭിപ്രായം ആണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.