പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഉമ്മന്‍ചാണ്ടി
യുഡിഎഫ് പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പി.സി.ജോര്‍ജിന് തന്റടുത്ത് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
തനിക്ക് മുന്നണി പ്രവേശനം നിഷേധിച്ചതില്‍ കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരേയും മുസ്ലിം ലീഗിനെതിരേയും കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. കരുണാകരനെ ചാരക്കേസില്‍ കുടുക്കിയ ഉമ്മന്‍ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമാണ്. വൈരാഗ്യം മനസ്സില്‍വെച്ച് പെരുമാറുമെന്നും പി.സി.ജോര്‍ജ് പറയുകയുണ്ടായി. മുസ്ലിം ലീഗിനെ ഇപ്പോള്‍ ജിഹാദികള്‍ പിടിമുറുക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകുന്നില്ല. ജിഹാദികള്‍ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ഒരുകൂട്ടുംവേണ്ട. യു.ഡി.എഫ്. നേതൃത്വം വഞ്ചകരാണെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.