പെട്രോള്‍ ഡീസല്‍ വില മാര്‍ച്ചിലോ ഏപ്രിലിലോ കുറയുമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി

രാജ്യത്തെ പെട്രോള്‍-ഡീസല്‍ പാചകവാതക വില മാര്‍ച്ചിലോ ഏപ്രിലിലോ കുറയുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളായ റഷ്യ, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ക്രൂഡ് ഓയില്‍ ബാരലിന് വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ മാര്‍ച്ചിലോ ഏപ്രിലിലോ ഇന്ധന – പാചകവാതക ചില്ലറ വില്‍പന വിലയും കുറയുമെന്ന് കരുതുന്നുവെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കോവിഡ് -19 മഹാമാരി മൂലം ഡിമാന്‍ഡില്‍ ഗണ്യമായ ഇടിവുണ്ടായതിനാല്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ പ്രമുഖ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തീരുമാനിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ”ഈ രാജ്യങ്ങള്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കുറഞ്ഞ അളവില്‍ ഇന്ധനം ഉത്പാദിപ്പിക്കുന്നു. കുറഞ്ഞ അളവില്‍ ഇന്ധനം ഇപ്പോഴും ഉല്‍പാദിപ്പിക്കപ്പെടുമ്പോള്‍, കോവിഡിന് മുമ്പുള്ള അവസ്ഥയ്ക്ക് സമാനമായ രീതിയില്‍ ഇന്ധനത്തിന്റെ ആവശ്യം എത്തിയിരിക്കുന്നു. അതിനാലാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു, ”അദ്ദേഹം വാരണാസിയില്‍ ശനിയാഴ്ച പറഞ്ഞു.

പ്രധാന എണ്ണ ഉല്‍പാദന രാജ്യങ്ങളുമായുള്ള തനിക്ക് ബന്ധമുണ്ടെന്നും അവരോട് സംസാരിച്ചിട്ടുണ്ടെന്നും പ്രധാന്‍ പറഞ്ഞു. ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ധനം വാങ്ങുന്ന ഇന്ത്യയില്‍ എണ്ണവില കുറയാന്‍ വേണ്ടി ഇന്ധന ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഡീസല്‍, പെട്രോള്‍, ഗ്യാസ് എന്നിവയുടെ വില എപ്പോള്‍ കുറയുമെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ”എന്നാല്‍ പാചക വാതകം, ഡീസല്‍, പെട്രോള്‍ എന്നിവയുടെ വില മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസത്തോടെ കുറയാനിടയുണ്ട്.