വന്ധ്യത മാറ്റാന്‍ ദുര്‍മന്ത്രവാദം ; 33കാരിക്ക് ദാരുണ മരണം
വന്ധ്യത മാറ്റാന്‍ ദുര്‍മന്ത്രവാദം നടത്തിയതെ തുടര്‍ന്ന് 33കാരിക്ക് ദാരുണാന്ത്യം. ചൂടുള്ള ഇരുമ്പുകമ്പി ഉപയോഗിച്ച് രഹസ്യഭാഗങ്ങളില്‍ അടക്കം മുദ്ര കുത്തുകയും വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യുവതി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ദുര്‍മന്ത്രവാദി അടക്കം 5 പേര്‍ക്കെതിരെയാണ് പൊലീസ് എഫ് ഐ ആര്‍ എഴുതിയിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ കംഹാറ ഗ്രാമത്തില്‍ സര്‍വേശിന്റെ ഭാര്യ ശാരദ ദേവി എന്ന യുവതിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ശാരദയും സര്‍വേശും വിവാഹിതരായെങ്കിലും ഇരുവര്‍ക്കും കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് അയാളുടെ സഹോദരനും ദുര്‍മന്ത്രവാദിയുമായ ദര്‍വേശിനെ സമീപിച്ചു.
ശാരദയില്‍ ഒരു പ്രേതം കുടിയേറിയിരിക്കുകയാണെന്നും അതിനെ ഒഴിവാക്കാന്‍ യുവതിയെ മര്‍ദ്ദിക്കണമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ വിവിധ ശരീര ഭാഗങ്ങളില്‍ ഇയാള്‍ മുദ്ര കുത്തി. ചൂടുള്ള ഇരുമ്പുകമ്പി ഉപയോഗിച്ച രഹസ്യഭാഗങ്ങളില്‍ അടക്കമാണ് ഇയാള്‍ മുദ്രകുത്തിയത്. വേദന കൊണ്ട് പുളഞ്ഞ യുവതി നിലവിളിച്ചതോടെ ഇയാള്‍ വടികൊണ്ട് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. കരയുന്നത് പ്രേതം ആണെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ഫെബ്രുവരി 24നായിരുന്നു സംഭവം. 27ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസങ്ങള്‍ക്കു ശേഷം, ഞായറാഴ്ച ഇവര്‍ മരണപ്പെടുകയായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഭര്‍ത്താവും മന്ത്രവാദിയും ഒളിവിലാണ് ഇപ്പോള്‍.